വാകര്‍ മഢാവി എന്നായിരുന്നു ആ കര്‍ഷകന്റെ പേര്. വയസ്സ് 45. വിദര്‍ഭയിലെ യവത്മല്‍ ജില്ലയിലെ കലാംബി ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ കൃഷിയിടം. കൃഷിയിടത്തിലെ പരുത്തിച്ചെടികളില്‍ ബോള്പുഴുക്കളുടെ ശല്യം അസഹനീയമായപ്പോള്‍ ദിവാകര്‍ ഒരു വിഷക്കടയിലെത്തി. കയ്യില്‍ കിട്ടിയ കൊടുംവിഷം മോട്ടോര്‍ പമ്പില്‍ നിറച്ച് പുഴുക്കളെ കൊന്നൊടുക്കി. വൈകുന്നേരമായപ്പോള്‍ നല്ല ക്ഷീണം. ദിവാകര്‍ നീണ്ടുനിവര്‍ന്നു കിടന്നു. ആ കിടപ്പ് നീണ്ടത് 12 നാള്. ഒടുവില്‍ മരണം. വിദര്‍ഭയിലെ കീടനാശിനി പ്രയോഗത്തിന്റെ പുതിയ ഇര. കീടവിഷം തെറിച്ചും ശ്വസിച്ചും മരണപ്പെട്ട 50 കര്‍ഷകരില്‍ ഒരാള്‍.
ഇഴജന്തുക്കള്‍ ദംശിച്ചാല്‍ കര്‍ഷകര്‍ക്ക് ചികിത്സയുണ്ട്. പക്ഷെ രാസവിഷം തീണ്ടിയാല്‍ അങ്ങനെയല്ല. ഒന്നുങ്കില്‍ ജീവന് നഷ്ടപ്പെടും. അല്ലെങ്കില്‍ ആരോഗ്യം. വിദര്‍ഭയിലെ കര്‍ഷകരെ തീണ്ടിയത് രാസകീടനാശിനികളിലെ വിഷമാണ്. അവര്‍ തിരഞ്ഞെടുത്ത് സ്വയം പ്രയോഗിച്ച കീടനാശിനികളിലെ വിഷം.
രാസകീടനാശിനികള്‍ കൊടും വിഷങ്ങളാണ്. അനിനാലാണ് അവ സ്പര്‍ശിക്കുന്ന മാത്രയില്‍ കീടങ്ങള്‍ ചത്തുവീഴുന്നതും കളകള്‍ കൂമ്പടച്ച് ഉണങ്ങിക്കരിയുന്നതും. അതുകൊണ്ടാണ് വിഷപ്രയോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിഷം പ്രയോഗിക്കുമ്പോള്‍ പൂര്‍ണ്ണമായും ആവരണം ചെയ്യുന്ന മുഖംമൂടി വേണം. തലയില്‍ തൊപ്പി ധരിക്കണം. കയ്യുറയും കാലുറയും നിര്‍ബന്ധം. കാറ്റിനെതിരെ പ്രയോഗം അരുത്. നിശ്ചിതമാത്ര വിഷം മാത്രമേ ഉപയോഗിക്കാവൂ. പക്ഷെ, കീടങ്ങള്ക്കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ അതൊന്നും ശ്രദ്ധിക്കാറില്ല. അവര്‍ക്ക് വേദവാക്യം വിഷക്കടയിലെ പയ്യന്മാരാണ്.
അവര്‍ക്ക് താല്പര്യം പരമാവധി കച്ചവടവും. അതിനാല്‍ ആവശ്യത്തിലേറെ വിഷവീര്യമുള്ള പല രാസക്കൂട്ടുകളും ഒരുമിച്ചു ചേര്‍ക്കാന്‍ അവര്‍ നിര്‍ദ്ദേശിക്കും. നിയന്ത്രണങ്ങള്‍ പാലിക്കില്ല. നെഞ്ചറ്റം ഉയരത്തില്‍ വളര്ന്നുനില്ക്കുന്ന പരുത്തിച്ചെടികളിലാണ് മോട്ടോര്‍ പമ്പിന്റെ സഹായത്തോടെ ഈ വിഷമത്രയും ചാമ്പിപ്പിടിപ്പിക്കുക. അതില്‍ നല്ലൊരളവ് കര്‍ഷകന്റെ കണ്ണിലും കാതിലും മൂക്കിലും ത്വക്കിലും പതിക്കുന്നു. അതിന്റെ ഫലമാണ് വിദര്‍ഭയിലെ പരുത്തി കര്‍ഷകര്‍ ഏതാനും മാസങ്ങളായി അനുഭവിച്ചുവരുന്നത്. ആയിരത്തില്‍ പരം കര്‍ഷകരാണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിയുന്നത്.
മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തുകഴിഞ്ഞു. വിറ്റവനും ഉണ്ടാക്കിയവനുമൊക്കെ പ്രതികളായി. സര്‍ക്കാരിന്റെ ദുരന്തനിവാരണ സമിതിയായ വസന്താറാവു നായിക് ഷേത്കാരി സ്വാവലംബന്‍ മിഷന് രംഗത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് നേരിട്ട് കേസെടുത്തു. പക്ഷെ അതുകൊണ്ടൊന്നും കര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നേരിട്ട നഷ്ടം നികത്താനാവില്ല. കൊടുംവിഷക്കൂട്ടുകളായ പ്രൊഫിനോഫോസ്, സൈപര്‍ മെത്രിന്‍ എന്നിവ ചേര്‍ന്ന കാളകൂടമായ പ്രൊഫെക്സ് സൂപ്പര്‍ വിറ്റ കുത്തകകള്‍ക്കും ആ നഷ്ടം നികത്താനാവില്ല.
കീടനാശിനികള്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ. ആരെ കൊല്ലണമെന്നും കൊല എവിടെവച്ച് അവസാനിപ്പിക്കണമെന്നും അവയ്ക്കറിയില്ല. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ ആറുപതിറ്റാണ്ട് മുമ്പ് ഒരു മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവമാണ് ഓര്‍മ്മ വരുന്നത്. 1958 ല്‍ ലോകസഹായസേനയുടെ ക്യാമ്പ് നടക്കുകയായിരുന്നു അവിടെ. പ്രഭാത ഭക്ഷണം കഴിച്ച ക്യാമ്പ് അംഗങ്ങളില്‍ 104 പേരാണ് വിഷബാധ മൂലം അന്ന് പിടഞ്ഞ് മരിച്ചത്.
ഫോളിഡോള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പരാത്തിയോണ്‍ എന്ന മാരക കീടനാശിനിയായിരുന്നു കൊലയാളി. കപ്പലില്‍ കൊണ്ടുവന്ന ഗോതമ്പിനും പഞ്ചസാരയ്ക്കുമൊപ്പമാണ് വിഷത്തിന്റെ കണ്ടെയ്നറുകളും വച്ചിരുന്നത്. കടല്‍ക്ഷോഭത്തില്‍ വിഷത്തിന്റെ വീപ്പകള്‍ പൊട്ടി തൊട്ടടുത്ത് സൂക്ഷിച്ചിരുന്ന ഗോതമ്പിലും പഞ്ചസാരയിലും പടര്‍ന്നുകയറുകയായിരുന്നു. കീടനാശിനി നിയന്ത്രണ നിയമം രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ സംഭവമായിരുന്നു. പക്ഷേ അതിലെ ചട്ടങ്ങള്‍ ഇന്നും പാലിക്കപ്പെടാതെ പോകുന്നു. അതിന്റെ പരിണിത ഫലമാണ് വിദര്‍ഭയിലും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കര്‍ഷകരെ വിഷംകൊണ്ട് കൊല്ലുന്നതിലും വലിയ ഒരു ക്രൂരതകൂടി വിദര്‍ഭയിലെ മരണങ്ങള് പുറത്തുകൊണ്ടുവന്നു. ജനിതകമാറ്റം വരുത്തിയ സസ്യങ്ങള്‍ അത്ഭുതകരമായ ശേഷിയുള്ളവയാണെന്ന വാദം വിദര്‍ഭയില്‍ പൊളിഞ്ഞു. വിദര്‍ഭ-മറാത് വാഢ മേഖലകളില്‍ കര്‍ഷകരുടെ ജീവനോപാധിയാണ് പരുത്തി കൃഷി. പക്ഷേ ബാള്‍ പുഴുക്കളുടെ ശല്യം അവരെ തകര്‍ക്കുകയാണ്.
മൊത്തം കൃഷിച്ചെലവിന്റെ 60 ശതമാനവും കീടനാശിനി വാങ്ങാന്‍ ചിലവിടേണ്ടി വരുന്ന ദുഃസ്ഥിതി. അപ്പോഴാണ് വാഗ്ദാനപ്പെരുമഴയുമായി വിദേശ വിത്തുകമ്പനിയുടെ ആഗമനം. തങ്ങളുടെ വിത്തുവാങ്ങുക: തദ്ദേശീയ പരുത്തി വിത്തിനേക്കാള്‍ പത്തിരട്ടിയാവും വില. പക്ഷേ ബാള്‍വേം ബാധിക്കാത്ത വിത്താണ്. ജനിതക മാറ്റം വരുത്തി കാലേക്കൂട്ടി ജാതകം കുറിച്ച വിത്തുകള്‍. അതോടെ കര്‍ഷകര്‍ ജനിതക വിത്തുകളുടെ പിന്നാലെ കുതിച്ചു. കടം വാങ്ങിയും വിറ്റും തുലച്ചും അവര്‍ കൃഷിയിറക്കി. പക്ഷേ വീണ്ടും വന്നു ബാള്‍വേം, കൂടുതല്‍ ശക്തിയോടെ. അപ്പോള്‍ വിത്ത് കമ്പനി അടുത്ത തലമുറ വിത്തുമായി രംഗത്തെത്തി. വില പഴയതിന്റെ ഇരട്ടി. വീണ്ടും ബാള്‍വേം ആക്രമിച്ചു. കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ മറ്റുകാരണങ്ങള്‍ വേണ്ടി വന്നില്ല.
വിദര്‍ഭയിലെ വിഷ മരണങ്ങളും ആത്മഹത്യകളും നല്‍കുന്നത് വ്യക്തമായൊരു സന്ദേശമാണ്. തദ്ദേശീയ വിത്തിനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുക; ജൈവകൃഷിയിലൂടെ അന്തരീക്ഷവും ആരോഗ്യവും സമ്പത്തും സംരക്ഷിക്കുക. അല്ലെങ്കില്‍ അനുഭവിക്കേണ്ടി വരിക ഗുരുതരമായ പ്രത്യാഘാതങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: