അത് വനവാസകാലമായിരുന്നു. അധികാരം അഹന്തയുടെ കുപ്പായമണിഞ്ഞ് നാട് വാഴുന്ന കാലം. സത്യവും ധര്‍മ്മവും ജീവിതചര്യയാക്കിയവര്‍ക്ക് കാട് ആയിരുന്നു കല്പിച്ചുകിട്ടിയ ഇടം. സ്വന്തമായുള്ളതെല്ലാം അധികാരമദത്തിനുമുന്നില് പണയമായിപ്പോയിരുന്നു. കെടാത്ത വീര്യവും തകരാത്ത ധര്‍മ്മബോധവുമായി സംസ്കാരത്തിന്റെ അവശേഷിപ്പുകളെയുമെടുത്ത് അവര്‍ വനാന്തരത്തിലൂടെ അലഞ്ഞു. മോചനത്തിന് മാര്‍ഗം തപസ്യയായിരുന്നു. ഋഷികവികള്‍, ആചാര്യന്മാര്, സര്‍ഗധനര്‍ തപസ്സുചെയ്തു. കാലത്തെ മുടിക്കാന്‍ പിറന്ന അധികാരദുരയ്ക്കെതിരെ കാടും നാടും പടര്‍ന്നുകത്തി ആ ഊര്‍ജ്ജ പ്രവാഹം. ചോദ്യങ്ങള്‍ക്ക് അരുതുകള്‍ കല്പിച്ച സിംഹാസനങ്ങള്‍ക്കുനേരെ ആയിരം ചൂണ്ടുവിരലുകളുയര്‍ന്നു.
സഹനസമരത്തിന്റെ തീജ്ജ്വാലയില്‍ നിര്‍ദ്ദയ സ്വാര്‍ത്ഥഭരണം നിലംപൊത്തി. സത്യവും ധര്‍മ്മവും കൊടിപ്പടമാക്കിയ ഒരു സംഘം ആളുകള്‍ വീണ്ടും വിജയിച്ചു. അടിയന്തരാവസ്ഥയുടെ ദുസ്സഹമായ അന്തരീക്ഷത്തില്‍ മൗനത്തിന്റെ കാനനാശ്രമങ്ങളിലേക്ക് വഴുതിവീണുപോയ കേരളത്തിന്റെ ആവിഷ്കാരത്വരയെ സ്വാതന്ത്ര്യത്തിന്റെ നാവായി മാറ്റിയത് ധീരമായ ആ തപസ്യയായിരുന്നു. അന്ന് സര്‍ഗാത്മകതയുടെ നാവ് സ്തംഭിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ രണ്ടാംനാവായിനിന്നുകൊണ്ട് സൗമ്യമായി സംസാരിച്ച ഋഷിരസനയാണ് തപസ്യ. നാല് പതിറ്റാണ്ട് പിന്നിടുന്ന തപസ്യയുടെ കര്‍മ്മകാണ്ഡങ്ങളില്‍ ധര്‍മ്മഗീത പകരുകയായിരുന്നു പ്രൊഫ: തുറവൂര്‍ വിശ്വംഭരന് എന്ന വിശ്വംഭരന് മാഷിന്റെ ദൗത്യം. അറിവിനായി അദ്ദേഹം ഹിമാലയം താണ്ടി, കടലാഴങ്ങള്‍ തേടി, പ്രപഞ്ചത്തിന്റെ ആദിമധ്യാന്തങ്ങള്‍ കണ്ടു, അനുഭവിച്ചു….
അറിഞ്ഞതൊക്കെയും പങ്കുവെച്ചു. അസത്യത്തിന്റെ ഇരുള്‍മറ സത്യത്തിന്റെ സൂര്യതീക്ഷ്ണത കൊണ്ട് ഒറ്റയ്ക്ക് കീറിമുറിച്ചു. മുന്നേ നടന്നു, ഒപ്പം നടക്കാന്‍ ആവേശം പകര്‍ന്നു. ഓരോ പ്രതിസന്ധിയിലും മഹാഭാരതം പോലെ അദ്ദേഹം വഴികാട്ടിയായി. അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാത്ത ഉത്തരമായി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായി വിരാട് പുരുഷനായി നിവര്‍ന്നു നിന്നു. അതില്‍ സംഘടനയുണ്ടായിരുന്നു, ജീവിതമുണ്ടായിരുന്നു, ഈ കാലവും ലോകവും പ്രപഞ്ചവുമുണ്ടായിരുന്നു, ഇന്നലെയും ഇന്നും നാളെയുമുണ്ടായിരുന്നു.
ആ ഉത്തരത്തെ പിന്‍പറ്റിയുള്ള യാത്രയായിരുന്നു തപസ്യയുടേത്. ദിശ തെറ്റാത്ത പ്രയാണം. ജനാധിപത്യത്തിന്റെ കുരുതിക്കളമായി മാറിയ കാലത്തായിരുന്നല്ലോ അതിന്റെ അവതാരം. ആ കാലഘട്ടവും തപസ്യയുടെ ജന്മദൗത്യവും മാഷ് വരച്ചിടുന്നത് ഋഷിതുല്യമായ ദീര്‍ഘവീക്ഷണത്തോടെയാണ്. അടിയന്തരാവസ്ഥയിലേത് വിപരീത ജനാധിപത്യമായിരുന്നുവെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.
”ജനാധിപത്യത്തിന്റെ അനുഭവം പൂര്‍ണ്ണമാകണമെങ്കില്‍ ജനങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരസ്പരാശ്രിതമായ നിയമങ്ങള്‍ പാലിക്കുകതന്നെ വേണം. പൈതൃകവും പാരമ്പര്യവും അനുസരിക്കണം. ഭരണഘടനയോട് കൂറുവേണം. നിസ്വാര്‍ത്ഥമായി ജീവിക്കാന്‍ സാധിക്കുകയില്ലെങ്കിലും നിസ്വാര്‍ത്ഥരാവാന്‍ ശ്രമിക്കുകയെങ്കിലും വേണം. ജനാധിപത്യത്തിന്റെ വിജയത്തിന് ഇത്രയെങ്കിലും സന്നദ്ധത നാം പുലര്‍ത്തണം. അതിനുപകരം വിപരീത ജനാധിപത്യത്തില്‍ക്കിടന്നാണ് നാം വിഹരിക്കുന്നത്. ഈ ഉന്മത്തവികാരം അതിന്റെ പരമകാഷ്ഠയിലെത്തിയത് അടിയന്തരാവസ്ഥക്കാലത്താണ്. അന്ന് ജനാധിപത്യം, കര്ണ്ണന് തുടങ്ങിയ ആറു മഹാരഥന്മാര് കുരുക്ഷേത്രയുദ്ധത്തില്‍ കൊന്നുവീഴ്ത്തിയ അഭിമന്യുവിനെപ്പോലെ കിടന്നു.
അന്ന് വിപ്ലവകാരികളെല്ലാം സഹ്യപര്‍വ്വതത്തിന്റെ ഗുഹയിലൊളിച്ചു. ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും തിരുവാതിരകളി നല്ല വ്യായാമമാണെന്ന് ഉദ്ഘോഷിച്ചു. പ്രഭാഷകന്മാര് മൗനം കരുത്താണെന്ന് പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥന്മാര്, ഉദ്യോഗം ജനസേവനത്തിനുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ഫയലുകളില്‍ പൂഴ്ത്തി. തപസ്സനുഷ്ഠിച്ചു. ജനാധിപത്യത്തിന്റെ നെടുംതൂണായ വാര്‍ത്താമാധ്യമങ്ങള്‍, തെങ്ങിന്റെ താഴെക്കൂടി നടക്കുന്നവര്‍, തലയില്‍ തേങ്ങ വീഴാതെ ശ്രദ്ധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യത്തിന്റെ ഈ മൃത്യുസന്ദര്‍ഭത്തില്‍ മനസ്സ് നീറി, ദേഹം പുകഞ്ഞ്, മസ്തിഷ്കമുണര്‍ന്ന് ഒരാള്‍ ഒറ്റക്ക് നടന്ന് തന്റെ സുഹൃത്തുക്കളെയെല്ലാം കണ്ട് കത്തിപ്പടരുന്ന വേദനയും ജ്വലിക്കുന്ന അമര്‍ഷവും പങ്കുവെച്ചു. അപ്രശസ്തനും ശാന്തശീലനുമായ ആ മനുഷ്യന്റെ പേരാണ് എം.എ. കൃഷ്ണന്. അദ്ദേഹം അന്ന് കേസരിയുടെ പത്രാധിപരായിരുന്നു. ഈ പങ്കുവയ്ക്കലും ഒത്തുചേരലും പിന്നീട് സാഹിത്യം, കല, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള സായാഹ്നചര്‍ച്ചകളായി മാറി. കോഴിക്കോട്ടെ ബുദ്ധിജീവികളെല്ലാം ആ ചര്‍ച്ചയില്‍ പങ്കെടുത്തു.
അടിയന്തരാവസ്ഥക്കുശേഷം ആ ചര്‍ച്ചാവേദി ഒരു സംഘടനയുടെ രൂപം സമാര്‍ജിച്ചു. ഇതാണ് തപസ്യ കലാസാഹിത്യവേദിയുടെ ജന്മപത്രിക. ഇതാണ് തപസ്യയുടെ ദൗത്യവും പ്രസക്തിയും.”
തപസ്യയുടെ ഈ ജന്മപത്രികയെപ്പറ്റി മാറിയ കാലത്ത് മാഷ് ഏറെ സംസാരിച്ചു. ആ വര്‍ത്തമാനങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തലിന്റെ നനവുണ്ടായിരുന്നു. മുന്നറിയിപ്പിന്റെ കരുതലുണ്ടായിരുന്നു. പലപ്പോഴും താക്കീതിന്റെ തീക്ഷ്ണതയുണ്ടായിരുന്നു. എന്തിനും ഞാനുണ്ട് എന്ന സമാശ്വാസമുണ്ടായിരുന്നു.
തപസ്യയുടെ ചട്ടക്കൂടിനുള്ളിലേക്ക് ആ ഹിമാലയപ്പൊക്കം സ്വയം ഒതുങ്ങിത്തന്നു. പോരാളിയായോ തേരാളിയായോ…. തപസ്യ ആഗ്രഹിക്കുന്നതെന്തും സാധിച്ചുതരാന്‍ തയ്യാറായി അദ്ദേഹം. അറിവിന്റെ അലകടല്‍ തപസ്യയുടെ ചിമിഴില്‍ തുളുമ്പാതെ നിറഞ്ഞു. പ്രവര്‍ത്തകനായും സംഘാടകനായും വഴികാട്ടിയായും നായകനായും അകവും പുറവും നിറഞ്ഞ്…. തപസ്യ അദ്ദേഹത്തിന് ധര്‍മ്മനിര്‍വഹണത്തിന്റെ മാര്‍ഗമായിരുന്നു. തപസ്യക്ക് മാത്രമേ കാലത്തിന്റെ ഈ അനിവാര്യത പൂര്‍ത്തീകരിക്കാനാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അത് ധര്‍മ്മച്യുതി സംഭവിച്ചുപോയ നാടിന് വേണ്ടുന്ന ചികിത്സയാണെന്ന് മാഷ് ചൂണ്ടിക്കാട്ടി.
”ധനാസക്തി മൂത്ത ചിലര്‍ രാജ്യത്തിന്റെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കുന്നു.
പ്രശസ്തിഭ്രാന്തുമൂത്തവര്‍ സ്ഥാനലബ്ധിക്കുവേണ്ടി അധികാരികള്‍ക്ക് വിടുവേല ചെയ്യുന്നു, ധനം ചെലവഴിക്കുന്നു. ചിലര്‍ രാജ്യത്തിന്റെ മണ്ണുകവര്‍ന്നെടുക്കുന്നു. പെണ്ണുങ്ങളെ വില്‍പ്പനച്ചരക്കാക്കുന്നു. അമൂല്യങ്ങളായ എല്ലാം വില്പനയ്ക്കുവെച്ചിരിക്കുന്നു. അധികാരത്തിനും പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തും ബലികഴിക്കുമെന്നു വന്നിരിക്കുന്നു. പ്രായോഗികരാഷ്ട്രീയത്തില്‍ ധര്‍മ്മാചരണം ശിക്ഷാര്‍ഹമാണെന്നതുപോലെയാണ് അധികാരം കയ്യാളുന്നവരുടെ പെരുമാറ്റം. മുപ്പത് വെള്ളിക്കാശിന് കര്‍ത്താവിനെ ഒറ്റിക്കൊടുത്തവന്റെയും കര്‍ത്താവിനെ തള്ളിപ്പറഞ്ഞ ശിഷ്യന്മാരുടെയും സന്തതിപരമ്പരയാണോ രാജ്യം ഭരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. വിവേകരാഹിത്യത്തിന്റെ ഈ രാഷ്ട്രീയോന്മാദം ഭേദപ്പെടണമെങ്കില്‍ സാഹിത്യവും കലയും സംസ്കാരവുംകൊണ്ടുള്ള നിരന്തരമായ ചികിത്സ ആവശ്യമാണ്.”
കേരളത്തിന്റെ തനിമയും സംസ്കൃതിയും തേടിയുള്ള മൂന്ന് തീര്‍ത്ഥയാത്രകള്‍ക്ക് ദര്‍ശനഗരിമ പകര്‍ന്നത് അദ്ദേഹത്തിന്റെ നേതൃത്വമാണ്. തീര്‍ത്ഥയാത്ര പില്‍ഗ്രിമേജല്ല, തീര്‍ത്ഥങ്ങളിലൂടെയുള്ള യാത്രയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിതത്തെ സുഗമമായി തരണം ചെയ്യാന്‍ സഹായിക്കുന്നതാണ് തീര്‍ത്ഥം. അത് പുണ്യാഹമോ നദീസ്നാനമോ അല്ല. അതിന് ജലമെന്ന് അര്‍ത്ഥവുമില്ല. ജീവിതത്തെ സുഗമമായി തരണംചെയ്യുന്നതിന് നിസ്സംഗമായ സമസൃഷ്ടിസ്നേഹം മാത്രമാണ് പോംവഴി.
സാഹിത്യവും കലകളും സമസൃഷ്ടിസ്നേഹത്തിന്റെ അനിവാര്യതയാണ് അതിന്റെ സൗന്ദര്യാനുഭൂതിയിലൂടെ ജനങ്ങളിലേക്ക് വിനിമയം ചെയ്യുന്നതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. കേരളത്തിന്റെ സാംസ്ക്കാരിക സരണികളിലേക്ക് മാഷ് തപസ്യയിലൂടെ ഒരു കാലത്തെ ആനയിക്കാന്‍ പ്രയത്നിച്ചു. ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനും പൂന്താനവും മേല്‍പ്പുത്തൂരും നമുക്ക് സംസ്കാരത്തിന്റെ കവിതകളാണെന്ന് ഓര്‍മ്മിപ്പിച്ചു. സ്വജീവിതം ബലിയര്‍പ്പിച്ച് നാടിനേയും ഭാഷയേയും സംസ്ക്കാരത്തേയും പോഷിപ്പിച്ച മഹാമനീഷികള്‍ ജീവിച്ചതും വിശ്രമംകൊള്ളുന്നതുമായ പുണ്യസ്ഥലങ്ങളിലൂടെ നടത്തുന്ന പര്യടനം ഭൂമിയേയും ഭാഷയേയും സംസ്ക്കാരത്തേയും അനുസ്മരിപ്പിക്കാനുള്ള വിനീതമായ പരിശ്രമമാണെന്ന് അദ്ദേഹം സമകാലിക കേരളത്തോട് വിളിച്ചുപറഞ്ഞു.
തപസ്യയുടെ മൂന്ന് മഹാതീര്‍ത്ഥാടനങ്ങളില്‍ സംഘാടകനും വഴികാട്ടിയുമായിരുന്നു തുറവൂര്‍ വിശ്വംഭരന്. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തം നയിച്ച ഐതിഹാസികമായ സാംസ്കാരിക തീര്‍ത്ഥയാത്രയായിരുന്നു ആദ്യത്തേത്. തപസ്യയുടെ രജതജയന്തികാലത്ത് അനന്തപുരം മുതല്‍ അനന്തപുരി വരെ നടത്തിയ ജ്യോതിര്‍ഗമയ തീര്‍ത്ഥയാത്രയായിരുന്നു രണ്ടാമത്തേത്. സഹ്യാദ്രീതീരത്തിലൂടെയും സാഗരതീരം വഴിയും കേരളത്തെയാകെ വലം വെച്ച സാംസ്കാരികതീര്ത്ഥയാത്രയായിരുന്നു മൂന്നാമത്തേത്.
കടലാഴമുള്ള വാക്കുകളിലൂടെ മാഷ് ആ യാത്രകളുടെ കരുത്തായി, നിലപാടായി. ആദ്യയാത്രയുടെ അനുഭവത്തെക്കുറിച്ച് മാഷ് എഴുതിയിട്ടുണ്ട്, ”മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തപസ്യയുടെ സാംസ്ക്കാരിക തീര്‍ത്ഥാടനത്തിന് നേതൃത്വം ഏറ്റെടുത്തിരുന്നത് മഹാകവി അക്കിത്തമായിരുന്നു. അന്ന് ബേപ്പൂര്‍ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീറിനെ അഗ്നിഹോത്രിയായ അക്കിത്തം സാഷ്ടാംഗം നമസ്ക്കരിച്ചത് ബഷീറിന്റെ കണ്പീലികളെ ഈറനണിയിച്ച രംഗം കണ്ടുനിന്നിരുന്ന യാത്രാംഗങ്ങളെ മുഴുവന്‍ ആര്‍ദ്രീഭൂതരാക്കി. അത് രണ്ടു മഹാത്മാക്കളുടെ സംഗമമായിരുന്നു.
പ്രപഞ്ചശക്തികള്‍ ആ മുഹൂര്‍ത്തത്തിന് മൂകസാക്ഷികളായിരുന്നു. മഹാകവി ഉബൈദിന്റെ സ്മാരകം സന്ദര്‍ശിച്ചതും സുബ്രഹ്മണ്യന് തിരുമുമ്പിന്റെ ഭവനം സന്ദര്‍ശിച്ചതും അവിസ്മരണീയമായിരുന്നു.കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നടത്തിയ ആ സാംസ്കാരിക തീര്‍ത്ഥയാത്രയില്‍ മഹാകവികള്‍ മുതല്‍ നാടന്‍ പാട്ടുകാര്‍ വരെയുള്ളവരെ ആദരിച്ചു. നോവലിസ്റ്റുകളെയും വാദ്യവാദകന്മാരെയും ഇലത്താളക്കാരേയും ആദരിച്ചു. തപസ്യയുടെ പാരിതോഷികം ഏറ്റുവാങ്ങിയ ചിലര്‍ അവര്‍ സമാദരിക്കപ്പെട്ടതില്‍ പൊട്ടിക്കരഞ്ഞ് മറുപടി മുഴുമിപ്പിക്കാതെ ഇടയ്ക്കുനിര്‍ത്തി. ജീവിതം മുഴുവന്‍ ഇലത്താളം കൊട്ടാന്‍ വിനിയോഗിച്ച ആ കലാകാരന്മാരെക്കുറിച്ച് ആരും ഒരുവാക്കുപോലും നന്ദിയോടെ പറഞ്ഞിരുന്നില്ല. ഇപ്രകാരം നിരവധി അനുഭവങ്ങളാണ് യാത്രാരംഗങ്ങള്‍ മനസ്സില്‍ നിറച്ചുകൊണ്ടുപോന്നത്.”
മൂന്നാമത്തെ യാത്ര കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് നെയ്യാറ്റിന്‍കരയിലെത്തി സി.വി. രാമന്‍പിള്ളയുടെ വീട്ടിലെത്തിയപ്പോള്‍ മാഷിന് സട കുടഞ്ഞുണര്‍ന്ന ഒരു സിംഹത്തിന്റെ ഭാവമായിരുന്നു. ‘മലയാള സാഹിത്യത്തില്‍ ആണൊരുത്തനായി വാണവന്റെ ജന്മഗൃഹത്തിലേക്ക് തല ഉയര്‍ത്തിക്കടന്നുചെല്ലണം തപസ്യ’ എന്നായിരുന്നു മാഷിന്റെ വാക്കുകള്‍. മണ്ചെരാതുകളില് ദീപപ്രഭ ചൊരിഞ്ഞ വീടിന്റെ കോലായയില്‍ കയറിനിന്ന് അദ്ദേഹം സിവിയുടെ ഭാഷയെ വാക്കിലേക്ക് ആവാഹിച്ചു. അത്ഭുതകരമായിരുന്നു ആ രൂപപരിണാമം.
കോണിപ്പടികള്ക്ക് കീഴെ മാറിനിന്ന് കുളികഴിഞ്ഞെത്തുന്ന വേലക്കാരിയെ കടന്നുപിടിക്കുന്ന പൈങ്കിളികള്‍ അരങ്ങുവാണ മലയാളസാഹിത്യത്തിന്റെ അധപ്പതനത്തെ ചൂണ്ടി മാഷ് ഗര്‍ജ്ജിച്ചു. സി.വി. രാമന്‍പിള്ളയുടെ താന്‍പോരിമയാര്‍ന്ന കഥാപാത്രങ്ങളിലൂടെ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞു. അനുഭവമായിരുന്നു ഒപ്പം നടന്നവര്‍ക്കെല്ലാം അദ്ദേഹം.
മാഷിന് തപസ്യ ഒരു തീര്‍ത്ഥയാത്രയായിരുന്നു. തപസ്യയ്ക്ക് മാഷ് ആദര്‍ശവും. അറിവിന്റെ കടല്‍ ആ കൈക്കുടന്നയില്‍ ഒതുങ്ങി. ഇഹത്തിലും പരത്തിലുമുള്ള എല്ലാ അറിവുകളെയും അദ്ദേഹം കൈപ്പിടിയിലൊതുക്കി. അദ്ദേഹത്തിലേക്കുള്ള എല്ലാ യാത്രകളും തീര്‍ത്ഥാടനങ്ങളായി. സംസ്കാരത്തെയും രാഷ്ട്രധര്‍മ്മത്തെയും പ്രണയിച്ചവര്‍ക്കെല്ലാം മാഷ് ഒരു തീര്‍ത്ഥകേന്ദ്രമായി. ആകുലതകളില്‍ അകപ്പെടുന്ന കാലത്തിന് ഉത്തരമായി മാഷ് നിലകൊണ്ടു. തപസ്യയായി, മഹാതപസ്വിയായി…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: