നരേന്ദ്രപ്രസാദിന്റെ അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന നോവലിനെക്കുറിച്ച് അധികമാരും പരാമര്‍ശിച്ചു കാണാറില്ല. ഡി.സി ബുക്സിന്റെ ആരംഭകാലത്തെ പ്രസാധനങ്ങളില്‍ ഒന്നാണ് ഈ നോവല്‍. ഇടതു തീവ്രവാദത്തിന്റെ പ്രശ്നങ്ങളും പിന്നീട് അതുയര്‍ത്തിയ മോഹഭംഗങ്ങളും തീക്ഷ്ണമായി അവതരിപ്പിച്ച രചനയാണിത്. പ്രഗല്ഭനായ അധ്യാപകന്, നിരൂപകന്, നാടകകൃത്ത്, നാടക സംവിധായകന്, നടന് എന്നിങ്ങനെയുള്ള നിരവധി ചേരുവകള്‍ മുഴച്ചു നില്‍ക്കാതെ ബഹുസ്വരതയായി മാറിയ പ്രതിഭയാണ് ഡോ.നരേന്ദ്രപ്രസാദ്. സിനിമാ നടനായതോടെയാണ് അദ്ദേഹത്തെ എല്ലാനിലയ്ക്കും അറിയാന്‍ തുടങ്ങിയത്. നരേന്ദ്രപ്രസാദിന്റെ പതിന്നാലാം ചരമവാര്‍ഷിക ദിനമായിരുന്നു നവംബര്‍ മൂന്ന്.
1945 ല്‍ മാവേലിക്കരയിലായിരുന്നു നരേന്ദ്രപ്രസാദിന്റെ ജനനം. 2003 ല്‍ കോഴിക്കോട്ട് വച്ച് അന്തരിച്ചു. വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്ന പ്രസാദ് 1989 മുതല്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ സ്ക്കൂള് ഓഫ് ലെറ്റേഴ്സിന്റെ ഡയറക്റ്ററായിരുന്നു.
രചനയും സംവിധാനവുമായി നരേന്ദ്രപ്രസാദ് നാടകത്തില്‍ മുഴുകിയതോടെ അന്നേവരെ മലയാളം കാണാത്ത നാടകക്കാരനെയാണ് പ്രസാദിലൂടെ അറിഞ്ഞത്. മലയാള നാടക രംഗത്ത് പ്രസാദിന്റെ സംഭാവന ചരിത്രമാണ്. അദ്ദേഹം സ്ഥാപിച്ച നാട്യഗൃഹം വലിയൊരു ഏടാണ്. പുതിയൊരു തിയറ്റര്‍ സങ്കല്‍പ്പമാണ് പ്രസാദ് ഉദാഘാടനം ചെയ്തത്. നടന് മുരളി നാട്യഗൃഹത്തിലെ പ്രധാന നടനായിരുന്നു. പതിനേഴോളം നാടകങ്ങളാണ് പ്രസാദ് ചെയ്തത്. അതില്‍ രചനയും സംവിധാനവും നിര്‍വഹിച്ച സൗപര്‍ണ്ണിക നിരവധി പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കി.
1989 ല്‍ അസ്ഥികള്‍ പൂക്കുന്നു എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തലസ്ഥാനം, ഏകലവ്യന്, മേലേപ്പറമ്പില്‍ ആണ്‍വീട്, യാദവം, സിഐഡി ഉണ്ണികൃഷ്ണന്, പൈതൃകം, അദ്വൈതം, ആയിരപ്പറ, സുകൃതം, ആറാം തമ്പുരാന്, അസുരവംശം, വാഴുന്നോര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തകര്‍ത്തഭിനയിക്കുകയായിരുന്നു പ്രസാദ്. നടന്റെ ശരീരഭാഷ എങ്ങനെയായിരിക്കണമെന്ന് മലയാള സിനിമയില്‍ പ്രേക്ഷകരടക്കം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഒരു പക്ഷേ നരേന്ദ്രപ്രസാദിന്റെ വരവോടെയാണ്. കഥാപാത്രം ശരീരത്തില്‍ കുടികൊള്ളുന്നതും സംസാര ഭാഷയിലെ വ്യത്യസ്തതയുംകൊണ്ട് പെട്ടെന്ന് അദ്ദേഹം ജനകീയനായിത്തീര്ന്നു. പരകായ പ്രവേശമെന്നു സാധാരണ പറയുന്നതിലും അപ്പുറമായി അതൊരു പെരുമാറലായിരുന്നു. വില്ലന്‍ നായകന്റെ പരിവേഷം കിട്ടുന്നത് പ്രസാദിന്റെ കാലത്താണ്. മലയാളിയെ ഏറ്റവും കൂടുതല്‍ മോഹിപ്പിച്ച വില്ലന്‍ വേഷങ്ങളായിരുന്നു പ്രസാദിന്റേത്. ഗൗരവവും നര്‍മവും ഇടകലര്‍ത്തി അദ്ദേഹം ചെയ്ത വേഷങ്ങളും കൊടിയ വില്ലന്‍ വേഷങ്ങളുമുണ്ട്. തലസ്ഥാനം, ആറാം തമ്പുരാന്, ഏകലവ്യന് തുടങ്ങിയ സിനിമകള്‍ ഈ സാധ്യതകളാണ് കാട്ടിത്തന്നത്.
സാഹിത്യത്തിലും കലയിലും നരേന്ദ്രപ്രസാദ് ആധുനികനായിരുന്നപ്പോഴും പഴയതിന്റെ കാതല്‍ ചിന്തയിലേറ്റിയ പ്രതിഭകൂടിയായിരുന്നു. നാടകത്തിലും നിരൂപണത്തിലും തന്റേതായൊരു നിലപാടുതറയിലായിരുന്നു അദ്ദേഹം.നിഷേധികളെ മനസിലാക്കുക, ആധുനികതയുടെ ചുവന്ന വാല്, ജാതി പറഞ്ഞാല്‍ എന്താ തുടങ്ങിയ കൃതികളില്‍ ഇത്തരം നിലപാടിന്റെ ജ്വലനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: