അങ്കമാലി: സിപിഎം നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐക്ക് സസ്പെന്ഷന്. അങ്കമാലി എസ്ഐ കെ.എന്‍. മനോജിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നേതാവിനെ കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചതിനെ തുടര്‍ന്നാണ് നടപടി.
വാഹന പരിശോധനയ്ക്കിടെയുണ്ടായ തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെ അങ്കമാലി ടിബി ജങ്ഷനില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി അങ്കമാലി എസ്ഐ കെ.എന്‍ മനോജിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. ഇതിനിടെ അതു വഴി ബൈക്കില്‍ വരികയായിരുന്ന സിപിഎം നേതാവും ബാല സംഘം ജില്ലാ കണ്‍വീനറുമായ എം.കെ. റോയിയെ പോലീസ് തടഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി ഊതാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് റോയിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു.
റോയിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ വിവരം അറിഞ്ഞ് നൂറോളം സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടി. എസ്ഐക്കെതിരെ നടപടിയെടുക്കാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടെടുത്തു. സ്ഥലം മാറ്റ ഉത്തരവ് ആഴ്ചകള്‍ക്ക് മുന്‍പേ ഇറങ്ങിയിട്ടുള്ളതിനാല്‍ സസ്പെന്ഷന് വേണമെന്നതില്‍ പ്രവര്‍ത്തകര്‍ ഉറച്ചു നിന്നു. സംഭവമറിഞ്ഞ് ഡിവൈഎസ്പി പ്രഫുല്ല കുമാര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ഇതിനിടെ പാര്‍ട്ടി ജില്ലാ നേതൃത്വം ഇടപെട്ട് സസ്പെന്ഷന് ഉണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയ ശേഷം ഒരു മണിയോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: