കളമശ്ശേരി: കിട്ടിയ ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ചവരുത്തി ലോകബാങ്ക് സഹായം നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ പോര് മുറുകുന്നു. വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ എതിര്‍വിഭാഗത്തിന്റെ ചുമലില്‍ ചാരുകയാണ് ഇരുകൂട്ടരും.
എല്‍ഡിഎഫ് നേതൃത്വംകൊടുക്കുന്ന ഇപ്പോഴത്തെ ഭരണസമിതിയുടെ വീഴ്ചയാണെന്നാരോപിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്തിന്റെ ഭരണകാര്യങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ പ്രസിഡന്റിനുകഴിയുന്നില്ലെന്നാണ് അവരുടെ ആരോപണം. അതിനാല്‍, പ്രസിഡന്റ് രത്നമ്മ സുരേഷ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസുകാര്‍ കവലകളിലെല്ലാം ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതോടെയാണ് തങ്ങളുടെ കുറ്റമല്ലെന്ന നിലപാടുമായി ഭരണപക്ഷം രംഗത്തുവന്നിരിക്കുന്നത്.
2015-16 സാമ്പത്തികവര്‍ഷത്തില്‍ ലോകബാങ്ക് വിഹിതമായി കിട്ടിയ 35 ലക്ഷം രൂപ പടിഞ്ഞാറേ കടുങ്ങല്ലൂരിലെ അങ്കണവാടി പണിയുന്നതിനും ഉളിയന്നൂരില്‍ ഹെല്‍ത്ത് സബ്സെന്റര്‍ പണിയുന്നതിനുമായാണ് ഉപയോഗിച്ചത്. കെട്ടിടംപണിയുവാന്‍ ഒരുവര്‍ഷമെങ്കിലും സമയപരിധി വേണമെന്നിരിക്കെ പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള അനുമതിപോലുംവാങ്ങാതെ മുന്‍ഭരണസമിതി വീഴ്ചവരുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ രണ്ട് പദ്ധതികളും പൂര്‍ത്തീകരിച്ചിട്ടുള്ളതുമാണ്.
ഇപ്പോള്‍ സഹായംകിട്ടാത്ത അവസ്ഥയുണ്ടാക്കിയത് യുഡിഎഫ് ഭരണസമിതിയാണ് – പ്രസിഡന്റ് പറയുന്നു. എന്നാല്‍ തങ്ങളുടെ കാലത്ത് പദ്ധതി കണ്ടെത്തി തുടക്കമിട്ടിരുന്നതാണ്. തുടര്പദ്ധതിയെന്നനിലയ്ക്ക് അത് പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്വം മാറിവരുന്ന ഭരണസമിതിയുടേതാണെന്നും അതില്‍ വീഴ്ചയുണ്ടായിട്ടുള്ളതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പ്രതിപക്ഷനേതാവ് വി.കെ.ഷാനവാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: