തുറവൂര്‍: സ്‌കൂളുകള്‍ക്കു മുന്നില്‍ പാതയോരത്തു മാലിന്യം തള്ളുന്നതു പതിവായി. ദേശീയപാതയില്‍ വയലാര്‍ കവലയ്‌ക്കു സമീപമുള്ള പട്ടണക്കാട് ഗവ. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, യുപി സ്‌കൂള്‍, പബ്ലിക് സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കരികിലാണ് മാംസമാലിന്യങ്ങളും മറ്റുള്ള അഴുകിയ അവശിഷ്ടങ്ങളും തള്ളിയിരിക്കുന്നത്.
ഒരു മാസം മുമ്പു പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടും മാലിന്യം കുമിഞ്ഞുകൂടുകയായിരുന്നു.
അധികൃതരുടെ അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. മൂവായിരത്തിലധികം കുട്ടികളാണു സമീപത്തു സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇറച്ചിക്കോഴി അവശിഷ്ടങ്ങളും ഹോട്ടലുകളില്‍ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലുമായി നിറച്ചു രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്.
അസഹ്യമായ ദുര്‍ഗന്ധമാണ് ഇവിടമാകെ. കൂട്ടത്തോടെ തെരുവുനായകളും എത്തുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ്.
















