ന്യൂയോര്‍ക്ക്: മാന്‍ഹട്ടനില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വ്യാഴാഴ്ചകളില്‍ പുറത്തിറങ്ങുന്ന അല്‍ നബ പത്രത്തിലൂടെയാണ് അവര്‍ വിവരം പുറത്തുവിട്ടത്.
ട്രക്ക് ഓടിച്ച ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശി സെയ്ഫുള്ള ഹബീബുള്ളഎവിക് സെയ്‌പോവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 9/11നു ശേഷം ന്യൂയോര്‍ക്കിലുണ്ടാകുന്ന വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിനു പിന്നാലെ ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ഐഎസിനെ തൂത്തെറിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
2010ലാണ് സെയ്‌പോവ് യുഎസിലെത്തിയത്. വിവിധോദ്ദേശ്യ വിസയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിയാണിതെന്ന് യുഎസ് വിദേശകാര്യ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണ പദ്ധതി തയാറാക്കിയിട്ട് ഒരു വര്‍ഷമായെന്നും ട്രക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത് രണ്ടു മാസം മുന്‍പെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എഫ്ബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
















