കാലഞ്ചേരി: തിരഞ്ഞെടുപ്പില്‍ ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളിലെ പ്രകടന പത്രികയില്‍ ഇടതുമുന്നണി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുമെന്ന് വീമ്പിളക്കി. പക്ഷേ, അധികാരത്തിലേറിയപ്പോള്‍ അവര്‍ അതെല്ലാം മറന്നു. പഞ്ചായത്തുകളിലെ 80 ശതമാനം വരുന്ന പിന്നാക്ക വിഭാഗക്കാരായ ആളുകളെ പ്രീണിപ്പിക്കാനായി, അവരുടെ ഏറെക്കാലത്തെ ആവശ്യമായ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞാണ് വോട്ടു തേടിയത്.വോട്ടുകള്‍ പോക്കറ്റിലാക്കിയശേഷം അധികാരത്തിലേറി രണ്ടുവര്‍ഷമായിട്ടും പൊതുശ്മശാനം യാഥാര്‍ത്ഥ്യമായില്ല.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ലക്ഷങ്ങള്‍ മുടക്കി പൂതൃക്ക പഞ്ചായത്തില്‍ ശ്മാശാനത്തിന്റെ പണികള്‍ തുടങ്ങി യെങ്കിലും ഭൂമാഫിയ രാഷ്ട്രീയ കൂട്ടുകെട്ടിനാല്‍ ലക്ഷ്യം കാണാതെ പോയി. എണ്‍പതുശതമാനത്തോളം പണി പൂര്‍ത്തിയായ ശ്മശാനം ഇപ്പോള്‍ കാടുകയറി നശിച്ചനിലയിലാണ്.കുടിവെള്ളവിതരണം, മാലിന്യസംസ്കരണം, വഴിവിളക്ക് തെളിക്കല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഈ പഞ്ചായത്തുകളില്‍ പരാജയപ്പെട്ട അവസ്ഥയിലാണെന്ന് ജനങ്ങള്‍ പറയുന്നു.ലക്ഷങ്ങള്‍ മുടക്കി രണ്ട് മാസങ്ങള്‍ക്കുമുന്‍പ് നടത്തിയ ബ്ലോക്ക് ജംഗ്ഷന്- കാരമോലപ്പീടിക റോഡ് ടാറിങ് നടത്തിയത് പെട്ടെന്നാണ് തകര്‍ന്നത്. ഇന്ന് റോഡ് കുണ്ടും കുഴിയുമായി. റോഡുപണിയുടെ തുടക്കംമുതലേ കൃത്രിമമുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തുവന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ അതെല്ലാം ഒതുക്കി തീര്‍ത്തു. കോലഞ്ചേരി ജംഗ്ഷനിലെ തിരക്കുകുറയ്ക്കുന്നതിനായി ഈ റോഡിലൂടെ വണ്‍ വേ സംവിധാനം വര്ഷങ്ങള്ക്കുമുന്പേ ഒരുക്കി. എന്നാല്‍, റോഡിന്റെ ശോചനീയാവസ്ഥകാരണം എല്ലാം നിര്‍ത്തി വെച്ചു.കോലഞ്ചേരിയില്‍ ദിനംപ്രതി കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നില്ല. പഞ്ചായത്ത് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഉറവിട മാലിന്യസംസ്കരണ പദ്ധതി തുടക്കത്തിലെ തന്നെ പാളി. വലിച്ചെറിയുന്ന മാലിന്യം കാല് നടയാത്രക്കാര്‍ക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും കുന്നുകൂടുന്ന മാലിന്യത്തെക്കുറിച്ച് നിരവധി പരാതികള്‍ വിവിധ കോണിലുള്ളവര്‍ അധികൃതരെ അറിയിച്ചിട്ടും യാതൊരുനടപടിയുമെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: