കാക്കനാട്: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 60 ആഡംബര വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്കി.
കൊച്ചിയിലെ വിവിധ വാഹന ഷോറൂമുകളില്‍ നടത്തിയ പരിശോധനയില്‍ നൂറോളം ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തി.
സിനിമ നടന്മാരും നടികളും ഉള്‍പ്പെടെയുള്ള വിഐപികളുടെ ആഡംബര വാഹനങ്ങളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ശേഷം ഇവിടെ ഉപയോഗിക്കുന്നത്.
ഒരുകോടിയിലധികം വില വരുന്ന ആഡംബര വാഹനം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റോഡ് നികുതി അടക്കം വിവിധ നികുതികളിലായി 14മുതല്‍ 16 ലക്ഷംവരെ നല്‍കണം. എന്നാല്‍, പുതുച്ചേരിയില്‍ ഒന്നര മുതല്‍ രണ്ടുലക്ഷം രൂപയോളം മതിയാകും. അതിനാല്‍ വാഹന ഉടമകള്‍ വ്യാജ വിലാസം നല്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണ്ടെത്തിയത്.
വര്‍ഷങ്ങളായി തുടരുന്ന നികുതി വെട്ടിപ്പ് മൂലം സംസ്ഥാനത്തിനു കോടികളുടെ നഷ്ടമുണ്ടായതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത് വെട്ടിപ്പ് നടത്തുന്ന ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് തൃപ്പൂണിത്തറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി.
മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ആഡംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്താന്‍ സൗകര്യം ഒരുക്കുന്ന റാക്കറ്റ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വി.ഐ.പികളടക്കം നിരവധി പേര് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: