പത്തനംതിട്ട: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അയ്യപ്പ മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രണ്ടായിരത്തിലധികം പേര് പങ്കെടുക്കുന്ന മഹാസംഗമം നാലിന് ചക്കുളത്തുകാവില്‍ നടക്കും.
ശബരിമല തന്ത്രിമാര്‍, പന്തളം രാജാവ്, വലിയ-ചെറിയ കടുത്ത സ്വാമിമാര്‍, കറുപ്പായി അമ്മ, കറുപ്പ് സ്വാമി, ചീരന്‍ചിറ കുടുംബക്കാര്, എരുമേലി പുത്തന്‍വീട്ടില്‍ കരണവര്‍, ആലങ്ങാട്ട് അമ്പലപ്പുഴ പെരിയോന്മാര്, തിരുവാഭരണ വാഹകര്‍, നിയുക്ത മേല്‍ശാന്തിമാര്‍ തുടങ്ങി ശബരിമലയുമായി ബന്ധമുള്ളവരെല്ലാം അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും.
ചക്കുളത്തുകാവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ധ്വജാരോഹണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദീപപ്രോജ്വലനം നടത്തും.അയ്യപ്പസേവാസമാജംപ്രസിഡന്റ് കെ.ജി.ജയന്(ജയവിജയ) അദ്ധ്യക്ഷതവഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, അയ്യപ്പ സേവാ സമാജം ദേശീയ ചെയര്മാന് ടി.വി.ശേഖര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന് ‘ എന്ന പദ്ധതി ആര്.കെ. ദാമോദരനും, ‘ഭവനം ഒരു പൂങ്കാവനം’ പദ്ധതി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഉദ്ഘാടനം ചെയ്യും. സ്വാമിനി ജ്ഞാനാഭനിഷ്ഠ, ദര്‍ശനാനന്ദജി സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പിന്നണി ഗായകന് സന്നിധാനന്ദന് അയ്യപ്പ സന്ദേശം നല്‍കും. സ്വാഗതസംഘം ചെയര്മാന് അക്കീരമണ്‍ കാളിദാസഭട്ടതരിപ്പാട് ശബരിമല സന്നിധാനം, മാളികപ്പുറം മേല്‍ശാന്തിമാര്‍ തുടങ്ങിയ വിശിഷ്ഠ വ്യക്തികളെ ആദരിക്കും. പി. ശശികുമാര്‍ വര്‍മ്മ, കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് ഒന്നിന് സംഘടനാ സമ്മേളനത്തില്‍ ശബരിമലഅയ്യപ്പസേവാസമാജം ദേശീയസംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന് സംസാരിക്കും. പത്ര സമ്മേളനത്തില്‍ ശബരിമല അയ്യപ്പസേവാ സമാജം ദേശിയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍.ജി. രവീന്ദ്രന്, സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: