ചേര്‍ത്തല: ആനപ്രേമികളുടെയും നാട്ടുകാരുടെയും സ്‌നേഹവായ്‌പില്‍ വിശ്രമജീവിതം കഴിഞ്ഞ മുല്ലയ്‌ക്കല്‍ ബാലകൃഷ്ണന് സ്വദേശത്തേക്ക് മടക്കം.
സപ്തംബര്‍ അഞ്ചിനു തുറവൂര്‍ വളമംഗലത്തു ചതുപ്പില്‍ കുടുങ്ങി മരണത്തിന്റെ വക്കില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട ബാലകൃഷണനാണ് മുല്ലക്കലേക്ക് മടങ്ങിയത്. ഒന്നരമാസമായി കളവംകോടം കടമ്പനാടു ക്ഷേത്രമുറ്റത്ത് വിശ്രമത്തിലായിരുന്നു.
ഇവിടെനിന്നാണ് നാട്ടുകാരും ആനപ്രേമികളും ചേര്‍ന്ന് യാത്രയാക്കിയത്. തൃക്കാക്കരയില്‍ എഴുന്നള്ളത്തിനു ശേഷം മടങ്ങുമ്പോഴായിരുന്നു ലോറിയില്‍ നിന്നും വീണ് തുറവൂരിന് സമീപം വിരണ്ടോടി ചതുപ്പില്‍ കുടുങ്ങിയത്.
വളമംഗലത്ത് ചതുപ്പില്‍ താഴ്ന്ന കൊമ്പനെ 15 മണിക്കൂറിന് ശേഷമാണ് കരയ്‌ക്ക് കയറ്റിയത്. കരയിലെത്തിച്ചശേഷം വളമംഗലത്തും പിന്നീട് കളവംകോടത്ത് ദേവസ്വംബോര്‍ഡിന്റെ കടമ്പനാട് ക്ഷേത്രത്തിലും എത്തിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് വീഴുകയും ചതുപ്പില്‍ കുടുങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് ആനയ്‌ക്ക് പരിക്കേറ്റിരുന്നു.
ദേവസ്വംബോര്‍ഡ് ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരരുന്നു ചികിത്സ. വീഴ്ചക്കുശേഷം ലോറിയോടിണങ്ങാത്ത ബാലകൃഷ്ണനെ നടത്തിയാണ് കൊണ്ടുപോയത്. പാപ്പാന്മാരായ അനില്‍കുമാര്‍, ശിവദാസപണിക്കര്‍, കുട്ടന്‍ എന്നിവരും ഒപ്പമുണ്ട്. ഇന്നലെ വലിയ കലവൂര്‍വരെ എത്തിച്ച ആന ഇന്ന് മുല്ലക്കലെത്തും. വൈക്കത്തഷ്ടമിക്ക് എഴുന്നള്ളത്തിന് ബാലകൃഷ്ണനെ പങ്കെടുപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
















