തിരുവനന്തപുരം: കൃഷ്ണഭക്തിയില്‍ ചാലിച്ചെടുത്ത മോഹിനിയാട്ടത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച നര്‍ത്തകി കലാമണ്ഡലം വിമലാമേനോന്‍. കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കലാകാരി. കേരളപ്പിറവിക്ക് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു; കേരളീയ കലയെ ഉപാസിക്കുന്ന വിമലാമേനോന് സപ്തതിയും.
തൃശൂര്‍ ഇരിങ്ങാലക്കുട ചക്കമ്പത്ത് വിശാലാക്ഷി-കൃഷ്ണന്‍ നായര്‍ ദമ്പതികളുടെ മകള്‍ വിമലയ്‌ക്ക് നൃത്തത്തില്‍ പാരമ്പര്യത്തിന്റെ പകിട്ടൊന്നും അവകാശപ്പെടാനില്ല. 1957 ലെ കേരളപ്പിറവി ദിനത്തില്‍ അന്നത്തെ ഗവര്‍ണര്‍ വി.വി. ഗിരി, മഹാകവി വള്ളത്തോള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിമലയുടെ മോഹിനിയാട്ടമുണ്ടായിരുന്നു. നാലു വയസ്സുമുതല്‍ ചിലങ്ക കെട്ടി നൃത്തം അഭ്യസിച്ച വിമലയുടെ അരങ്ങേറ്റം അന്ന് കാണികളെ ഏറെ ആകര്‍ഷിച്ചിരുന്നു. നൃത്തം ഇഷ്ടപ്പെട്ട വള്ളത്തോള്‍ വിമലയെ കലാമണ്ഡലത്തില്‍ എത്തിച്ചു.
കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണം ഈ നര്‍ത്തകിയെ നാട്യമയൂഖമാക്കി. കുച്ചുപ്പുടിയും ഭരതനാട്യവുമടക്കം നൃത്തരൂപങ്ങള്‍ ഒരുപാട് ശീലിച്ചെങ്കിലും മോഹിനിയാട്ടം ആ ഹൃദയതാളമായി. മകള്‍ ചലച്ചിത്രതാരം വിന്ദുജ മേനോനും കൊച്ചുമകള്‍ നേഹയുമടക്കം എണ്ണിയാലൊടുങ്ങാത്തത്ര പ്രഗത്ഭര്‍ ഗുരുദക്ഷിണ അര്‍പ്പിച്ചത് വിമലാ മോനോന്റെ കാല്‍പ്പാദങ്ങളില്‍. തലമുറകള്‍ക്ക് ലാസ്യത്തിന്റെ പൊരുളും അഭിനയത്തിന്റെ ചടുലതയും പകര്‍ന്ന് ഈ നര്‍ത്തകി വാര്‍ധക്യത്തിലും വിശ്രമമില്ലാതെ സഞ്ചരിക്കുന്നു. അത് ജന്മനാടിന്റെ നൃത്തരൂപം ജനകീയമാക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടു മാത്രം.
തിരുവനന്തപുരത്ത് ശാസ്തമംഗലം മൂലയില്‍ ലൈനിലെ വിമലാ മേനോന്റെ വസതിയായ കൃഷ്ണശ്രീയില്‍ നിന്ന് സദാ ഒഴുകിയെത്തുന്നത് മോഹിനിയാട്ടത്തിന്റെ ശീലുകളും കാല്‍ച്ചിലമ്പിന്റെ കിലുക്കവും. ഇവിടെ പുതുതലമുറകള്‍ മോഹിനിയാട്ടത്തിന്റെ ചിട്ടയും ചേഷ്ടയുമൊക്കെ വിമലാ മേനോനില്‍ നിന്ന് ഹൃദ്യസ്ഥമാക്കുന്നു. 2006 ല്‍ 1200 കലാകാരികളെ ഒരു വേദിയില്‍ അണിനിരത്തി മോഹിനിയാട്ടം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി. കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാര്‍ഡുകള്‍, കലാരത്‌നം പുരസ്‌കാരം അടക്കം എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങള്‍ ഈ നര്‍ത്തകിയെ തേടിയെത്തി.
ഇന്ന് വീണ്ടുമൊരു കേരളപ്പിറവി ദിനം എത്തുമ്പോള്‍ മകള്‍ വിന്ദുജയ്‌ക്കും കൊച്ചുമകള്‍ നേഹയ്‌ക്കുമൊപ്പം ദില്ലിയില്‍, സംഗീത നാടക അക്കാദമിയുടെ നൃത്തവേദിയില്‍ ചിലങ്ക കെട്ടിയാടുകയാണ് വിമലാ മേനോന്‍. അതും 60 വര്‍ഷം മുമ്പ് ഒരു കേരളപ്പിറവിക്ക് ചിലങ്കകെട്ടിയെത്തിയ അതേ മോഹിനിയാട്ടത്തിന്.
















