കോട്ടയം: വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രത്തില്‍ ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ച സംഭവത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ് പരാതി നല്‍കി. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഇന്ത്യയുടെ വികലമായ ഭൂപടം അച്ചടിച്ചത്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് വികലമായ ഭൂപടം ചേര്‍ത്തത്. പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഗ്രെഡ് ജഫ്രിയും വിധി ജോഷിയും ചേര്‍ന്നു തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
ഇന്ത്യയെ വാഷിങ്ടണ്‍ പോസ്റ്റ് അവഹേളിച്ചിരിക്കുകയാണെന്ന് എഡിറ്റര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ എബി ജെ.ജോസ് ചൂണ്ടിക്കാട്ടി. പത്രം ഖേദം പ്രകടിപ്പിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നടപടി സ്വതന്ത്ര പരമാധികാര രാഷ്‌ട്രമായ ഇന്ത്യയോടുള്ള അവഹേളനമാണ്.
















