മലപ്പുറം: ഇന്ന് കേരളപ്പിറവി, കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് മലപ്പുറം കളക്‌ക്ട്രേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്നത്. അന്വേഷണം തീവ്രവാദ സംഘടനകളിലേക്കെത്താതെ ദിശമാറി സഞ്ചരിക്കുകയാണ്. ദിശമാറിയതാണോ മാറ്റിയതാണോയെന്നതാണ് വാര്‍ഷികദിനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
ഉച്ചക്ക് ഒരുമണിയോടെ കളക്ട്രേറ്റ് വളപ്പിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഹോമിയോ ഡിഎംഒയുടെ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകുമെന്ന് ആദ്യം സംശയിച്ചെങ്കിലും, ആസൂത്രിത സ്‌ഫോടനം തന്നെയാണെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വ്യക്തമായി. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബെയ്‌സ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ വധിക്കുമെന്ന് പെട്ടിയിലെ ലഘുലേഖയിലുണ്ടായിരുന്നു.
മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.സലീമിന്റെ നേതൃത്വത്തില്‍ 2017 മാര്‍ച്ചിലാണ് പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തത്. മധുര ശിവകാമി സ്ട്രീറ്റ് അബുബക്കര്‍(40), ഈസ്റ്റ് വേളി സിക്‌സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അബ്ദുല്‍ റഹ്മാന്‍(27), പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ്(25), ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം അബ്ബാസലി(27), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ്‍ കരീം രാജ(23), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍(23), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന്‍ എന്ന കരുവ ഷംസ്(26) എന്നിവരാണ് പ്രതികള്‍. ഇതില്‍ അബൂബക്കറിനും അബ്ദുള്‍ റഹ്മാനും കഴിഞ്ഞ ദിവസം മഞ്ചേരി യുഎപിഎ കോടതി ജാമ്യം അനുവദിച്ചു. ബാക്കിയുള്ളവര്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
















