മുക്കം: പ്രകൃതി വാതക പൈപ്പ് ലൈന്‍ വിഷയത്തിലെ ഇരട്ടത്താപ്പില്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ മറുപടി പറയാനാവാതെ നേതാക്കള്‍. പ്രതിപക്ഷത്തായിരുന്നപ്പോള്‍ സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന പാര്‍ട്ടി ഇപ്പോള്‍ നിലപാട് മാറ്റിയതാണ് അണികള്‍ ചോദ്യം ചെയ്യുന്നത്.
കോഴിക്കോട് മലപ്പുറം ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഒരു മാസത്തോളമായി തുടരുന്ന ഗെയില്‍ വിരുദ്ധ സമരത്തില്‍ സി.പി.എം നിലപാട് ലോക്കല്‍ സമ്മേളനങ്ങളില്‍ വിവാദമാവുകയാണ്. എരഞ്ഞിമാവില്‍ നടന്ന പന്നിക്കോട് ലോക്കല്‍ സമ്മേളനം, തൃക്കളയൂരില്‍ നടന്ന കീഴുപറമ്പ് ലോക്കല്‍ സമ്മേളനം ആനയാം കുന്നിന്‍ നടന്ന കാരശേരി വെസ്റ്റ് ലോക്കല്‍ സമ്മേളനം എന്നിവയിലെല്ലാം പ്രതിനിധികള്‍ ഇരു ചേരിയായി തര്‍ക്കത്തിലായി.
എരഞ്ഞിമാവില്‍ നടന്ന സമ്മേളനത്തില്‍ ഭൂരിഭാഗം പ്രതിനിധികളും ഗെയില്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സമര രംഗത്തുണ്ടായിരുന്ന പാര്‍ട്ടി ഇടത് പക്ഷം അധികാരത്തിലെത്തിയതോടെ സമരത്തില്‍ നിന്ന് പിന്‍മാറിയത് ശരിയായില്ലന്ന് ഒരു ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം താനടക്കമുള്ളവര്‍ സമരത്തിന് മുന്‍നിരയില്‍ ഉണ്ടായിരുന്ന ആളാണന്നും ഇപ്പോള്‍ പെട്ടന്ന് നിലപാട് മാറ്റിയത് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം പ്രതിനിധികളും ഈ അഭിപ്രായം തന്നെയാണ് പങ്ക് വെച്ചത്. സര്‍ക്കാര്‍ എന്ത് നിലപാടെടുത്താലും പ്രാദേശിക തലത്തില്‍ പാര്‍ട്ടി സമരത്തിനൊപ്പം നില്‍ക്കേണ്ടിയിരുന്നു എന്നും ആവശ്യമുയര്‍ന്നു.
പദ്ധതിക്കെതിരെ ഭരണ സമിതി യോഗത്തില്‍ പ്രമേയം പാസാക്കാത്ത പഞ്ചായത്ത് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരേ പ്രതിനിധികള്‍ വിമര്‍ശിച്ചു. കാരശേരി പഞ്ചായത്ത് ഗെയിലിനെതിരെ പ്രമേയം പാസ്സാക്കിയതു ചൂണ്ടിക്കാണിച്ച പ്രതിനിധികള്‍ അവിടെ ഒരു സിപിഎം പഞ്ചായത്തംഗം സമരരംഗത്ത് ഉറച്ച് നില്‍ക്കുന്നുണ്ടെന്നും ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം കാവനൂരില്‍ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കല്‍ സെക്രട്ടറി അസഭ്യം പറഞ്ഞത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ നേതൃത്വത്തിനായിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കണമെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്ന് പ്രതിനിധികള്‍ പറഞ്ഞു.
പദ്ധതി കടന്നു പോവുന്ന കീഴുപറമ്പ് പഞ്ചായത്തിലെ കീഴുപറമ്പ് ലോക്കല്‍ സമ്മേളനത്തിലും ഗെയില്‍ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്. കാവനൂരില്‍ നിന്നടക്കം നിരവധി പ്രവര്‍ത്തകര്‍ സമരത്തിന് പിന്തുണയുമായെത്തിയിട്ടും തൊട്ടടുത്ത സ്ഥലമായ കീഴു പറമ്പിലെ നേതൃത്വം സമരത്തെകണ്ടില്ലന്ന് നടിക്കുന്നത് ശരിയല്ലന്ന് പ്രതിനിധികള്‍ പറഞ്ഞു.
സി.പി.എം ഗ്രാമ പഞ്ചായത്തംഗം ജി.അബ്ദുല്‍ അക്ബര്‍ശക്തമായി സമരരംഗത്തുള്ള കാരശേരി വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ വന്‍ തര്‍ക്കത്തിനിടയാക്കി. പാര്‍ട്ടിയെ ധിക്കരിച്ച് സമര രംഗത്ത് തുടരുന്ന അക്ബറിനെതിരെ നടപടി വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടങ്കിലും ഇതിനെ പ്രതിരോധിച്ച് മറ്റുചിലര്‍ രംഗത്ത് വന്നു. അതിനിടെ സമ്മേളന പ്രതിനിധിയായ അക്ബര്‍ തന്റെ നിലപാട് വിശദീകരിച്ചു. പാര്‍ട്ടി നേതാക്കളേയും ജനപ്രതിനിധികളേയും തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അക്ബര്‍ പറഞ്ഞത് ബഹളത്തിനിടയാക്കി.
അതിനിടെ പന്നിക്കോട് ലോക്കല്‍ സമ്മേളനത്തിലെ പൊതുസമ്മേളനത്തില്‍ സ്ഥലത്തെ പ്രമുഖ നേതാക്കളുടെ അസാനിധ്യവും ശ്രദ്ധേയമായി. കൊടിയത്തൂര്‍ പഞ്ചായത്തില്‍ തന്നെ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങള്‍ ഉണ്ടങ്കിലും അവരാരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.
ജമാ അത്തെ ഇസ്ലാമി , പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന സമരത്തിന് പിന്തുണതാണ് സിപിഎമ്മിന് ഇപ്പോള്‍ വിനയായിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വെച്ച് പ്രകൃതി വാതക പൈപ്പിനെതിരെ വ്യാജ ഭീതി പരത്തിയ സിപിഎമ്മിന്റെ പ്രചാരണം ഇപ്പോള്‍ തിരിച്ചടിക്കുകയാണ്.
ജില്ല സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടിനെതിരെയാണ് അണികള്‍. ഒരു വര്‍ഷത്തിനകം പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനെതിരെയാണ് സിപിഎം അണികള്‍ സമരം ചെയ്യുന്നത്.
















