പത്തനംതിട്ട: മഴപെയ്താല്‍ ജില്ലയിലെ മിക്ക ടൗണുകളും വെള്ളക്കെട്ടായി മാറുന്നത് ഗതാഗത തടസ്സത്തിനും റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നു. മണ്ണും മാലിന്യവും നിറഞ്ഞ് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതാണ് മഴവെള്ളം റോഡില്‍ കെട്ടിനില്ക്കാന് ഇടയാക്കുന്നത്. പലയിടത്തും വാഹന ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെടാനും വെള്ളക്കെട്ട് കാരണമാകുന്നു.
കഴിഞ്ഞദിവസം പെയ്ത ഒറ്റമഴയോടെ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലടക്കം ജലനിരപ്പ് ഉയര്‍ന്നിരുന്നു. കോന്നി, കലഞ്ഞൂര്‍, വകയാര്‍, അടൂര്‍, ഏഴംകുളം, റാന്നി തുടങ്ങിയ ഇടങ്ങളിലാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയത്. കാലാകാലങ്ങളില്‍ ഓടകള്‍ തെളിക്കാത്തതാണ് പ്രധാന പ്രശ്നം. പലറോഡുകളിലും ഓടകളുടെ നിര്‍മ്മാണം പൂര്‍ണ്ണമല്ലാത്തതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞുതാണ കലുങ്കുകളും വെള്ളമൊഴുക്കിന് തടസ്സമാകുന്നു.
കോന്നി ടൗണില്‍ ആര്വിഎച്എസ്എസിന് സമീപമാണ് വലിയതോതില്‍ റോഡില്‍ വെള്ളം ഉയരുന്നത്. ആനക്കൂട് റോഡില്‍നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഇടവഴിയിലൂടെ പുനലൂര്‍ മൂവാറ്റുപുഴ പാതയിലേക്കാണ് എത്തുന്നത്. ഇത് ഉള്‍ക്കൊള്ളാന്‍ റോഡിലെ ഓടകള്‍ക്ക് കഴിയില്ല.
അടൂര്‍ സെന്‍ട്രല്‍ ജംങ്ഷനിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ചെളിയും മാലിന്യയും നിറഞ്ഞ് ഓട അടഞ്ഞതോടെ മഴയില്‍ ഇവിടം വെള്ളത്തില്‍ മുങ്ങും. കെപി റോഡില്‍നിന്ന് തട്ട റോഡിലേക്ക് തിരിയുന്ന ഭാഗം മുതല്‍ പമ്പ് വരെ മിക്ക ഭാഗത്തും ഓട അടഞ്ഞ് കിടക്കുകയാണ്.
കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഓട എവിടെയെന്നറിയാന്‍ കഴിയാതെ പെട്ടിഓട്ടോറിക്ഷ ഓടയിലേക്ക് മറിയുകയും ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വിവിധ തലങ്ങളില്‍ പല നടപടികളും നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പരമ്പരാഗത ഓടകള്‍ അടഞ്ഞ് വലിയ തോട്ടിലേക്കുള്ള ജലനിര്‍ഗമനം തടസ്സപ്പെട്ടതോടെയാണ് വെള്ളക്കെട്ട് പതിവാകുന്നത്. ഏതു മഴ പെയ്താലും സെന്‍ട്രല്‍ ജംഗ്ഷന് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയാണ്. മഴശക്തമായാല്‍ വെള്ളത്തില്‍ മുങ്ങുന്ന ഇടങ്ങളിലൊന്നാണ് ഏനാത്ത് കവല. പട്ടാഴി റോഡും അടൂര്‍ റോഡും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ വെള്ളം കയറി കേടുപറ്റി. ജംങ്ഷന് മുതല്‍ കശുവണ്ടി ഫാക്ടറി വരെയുള്ള ഭാഗമാണ് വെള്ളത്തില്‍ മുങ്ങിയത്. പട്ടാഴി റോഡരികിലെ പലചരക്കു കടയുടെ ഗോഡൗണ്‍, വര്‍ക്ഷോപ്, സ്റ്റേഷനറിക്കട എന്നിവിടങ്ങളിലും വെള്ളം കയറി. ഓടയും കലുങ്കുമില്ലാത്ത നാലു റോഡുകളിലൂടെ ഒഴുകി എത്തുന്ന വെള്ളമാണ് കവലയെ തടാകമാക്കി മാറ്റുന്നത്.
പട്ടാഴി റോഡിന്റെയും ഓടയുടെയും അറ്റകുറ്റപ്പണികള്‍ക്ക് അനുമതിയായെങ്കിലും മഴ കാരണമാണ് ജോലികള്‍ വൈകുന്നതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. മഴക്കാലമായാല്‍ പത്തനംതിട്ട നഗരത്തിലെ ബസ്സ്റ്റാന്റ് അടക്കം വെള്ളക്കെട്ടായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: