മുന്‍ കുറ്റിച്ചല്‍ പഞ്ചായത്ത്പ്രസിഡന്റ് സുഗന്ധിഉപജീവനത്തിനായി വിറക് ശേഖരിച്ച് മടങ്ങുന്നു
തിരുവനന്തപുരം: ഒരു കാലത്ത് കുറ്റിച്ചല്‍ ഗ്രാമത്തിന്റെ മാതാവായിരുന്നു കോട്ടൂര്‍ മലവിള തടത്തരികത്ത് വീട്ടില്‍ സുഗന്ധി (48). കൃത്യമായി പറഞ്ഞാല്‍ 1997 മുതല്‍. അന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ച വനിത. ഇന്ന് മക്കള്‍ക്ക് ഒരു നേരമെങ്കിലും വയറു നിറച്ച് വാരിയുണ്ണാന്‍ വകതേടി വനത്തിനുള്ളില്‍ നിന്ന് വിറക് ശേഖരിച്ച് കിലോ മീറ്ററുകളോളം തലച്ചുമടായി കൊണ്ടു നടന്ന് വില്‍ക്കുകയാണ് സുഗന്ധി.
ഇത് ഒരു സുഗന്ധിയുടെ മാത്രം കഥയല്ല; ത്രിതല പഞ്ചായത്ത് ഭരണം കഴിഞ്ഞ് പടിയിറങ്ങുന്ന ഭൂരിപക്ഷം ജനസേവകരുടേയും ജീവിതമാണ്. ദാരിദ്ര്യത്തിന്റെ ആഴക്കയങ്ങളില്‍ മുങ്ങിത്താഴുന്നവര്‍. ജില്ല, ബ്ലോക്ക്, പഞ്ചായത്ത് ഭരണസമിതികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ കാലാവധി കഴിഞ്ഞ് പടിയിറങ്ങിയാല്‍ സര്‍ക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാറില്ല. മുന്‍ ത്രിതല ജനപ്രതിനിധികള്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. തുച്ഛമായ ഓണറേറിയം കൈപ്പറ്റി ജനസേവനം നടത്തിയ ശേഷം ദുരിത ജീവിതത്തിലേക്ക് വഴുതി വീണവര്‍ വലിയ പ്രതീക്ഷയോടെയായിരുന്നു പെന്‍ഷന്‍ പദ്ധതിയെ കാത്തിരുന്നത്.
2014ലാണ് അടിസ്ഥാന ജനവിഭാഗത്തിന്റെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തംഗങ്ങള്‍ക്ക് പെന്‍ഷനും വേതന വര്‍ധനയും നടപ്പിലാക്കാന്‍ മുന്‍ എംഎല്‍എ എം.മുരളിയെ അധ്യക്ഷനാക്കി ഒരു സമിതിയുണ്ടാക്കിയത്. 25,000 രൂപ പ്രതിമാസ വേതനവും 10,000 രൂപ പെന്‍ഷനും അനുവദിക്കാവുന്നതാണെന്ന് മാസങ്ങള്‍ക്കുള്ളില്‍ ഈ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. 2015ല്‍ അന്നത്തെ തദ്ദേശ മന്ത്രി എം.കെ മുനീര്‍ സമിതി നിര്‍ദ്ദേശ പ്രകാരമുള്ള ആനുകൂലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് നല്‍കുമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ തുടര്‍ന്നു വന്ന സര്‍ക്കാര്‍ പഞ്ചായത്തംഗങ്ങളെ അവഗണിച്ചു. 2016 ലെ പഞ്ചായത്ത് ദിനാഘോഷത്തില്‍ അംഗങ്ങളുടെ വേതന വിഷയം വീണ്ടും ഉയര്‍ന്നു. പൊതുപ്രവര്‍ത്തനം സേവനമാണ്, സാമ്പത്തിക താത്പര്യം പാടില്ലെന്ന മറുപടി നല്‍കി മുഖ്യമന്ത്രി അന്ന് അവരുടെ വായടപ്പിച്ചു.
രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മുഖ്യന്‍ നിലപാട് തിരുത്തി. പഞ്ചായത്തംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സിറ്റിംഗ് ഫീസുള്‍പ്പടെ 13,300, ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് 14,500, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് 17,500 എന്നിങ്ങനെ വേതനം ഉയര്‍ത്തി. അംഗങ്ങള്‍ക്ക് പ്രസിഡന്റുമാരുടേതിന് നേര്‍ പകുതിയാക്കി. വൈസ് പ്രസിഡന്റിനും സ്ഥിരം സമിതി അംഗങ്ങള്‍ക്കും അംഗങ്ങളുടേതിലും നേരിയ വര്‍ധന വരുത്തി. പക്ഷേ, അപ്പോഴും പെന്‍ഷന്‍ നല്‍കാന്‍ പറ്റില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. എംഎല്‍എമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും വരെ പെന്‍ഷന്‍ നല്‍കാന്‍ മടിയില്ലാത്തവര്‍ കാലാവധി കഴിഞ്ഞിറങ്ങിയ പഞ്ചായത്തംഗങ്ങള്‍ക്ക് നക്കാപ്പിച്ച പെന്‍ഷന്‍ നല്‍കാന്‍ മടിക്കുകയാണെന്ന് സുഗന്ധി പറഞ്ഞു.
കൂലിപ്പണി ചെയ്ത് കുടുംബം പുലര്‍ത്താനാകാതെ രോഗികളായി കഴിയുന്ന ആയിരക്കണക്കിന് പഞ്ചായത്തംഗങ്ങളുണ്ട്. റേഷന്‍ കാര്‍ഡുകളില്‍ സമ്പന്നരായതിനാല്‍ ഇക്കൂട്ടര്‍ക്ക് റേഷനരി പോലും കിട്ടാറില്ല. ദാരിദ്ര്യം കൂടുകൂട്ടിയ വീട്ടില്‍ നിന്ന് കഞ്ഞിപ്പശയുടെ ബലത്തില്‍ ചുളുങ്ങാത്ത വസ്ത്രമണിഞ്ഞ് കഞ്ഞി കുടിക്കാതെ നടക്കുന്നവര്‍. ഇവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നിഷേധിക്കുന്നത് ക്രൂരതയാണെന്ന് സുഗന്ധി പറയുമ്പോള്‍ അത് ശരിവയ്‌ക്കുകയാണ് പലരുടേയും ജീവിതങ്ങള്‍.
















