ചെങ്ങന്നൂര്‍: അന്തരിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം മുന്‍ ജീവനക്കാരന്റെ മൃതദേഹം വീട്ടിലെത്തിച്ചത് മുന്നൂറ് മീറ്റര്‍ പിഐപി കനാലിലൂടെ നടന്ന്. ചെങ്ങന്നൂര്‍ ചെറിയനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കണ്ടനേഴത്ത് വീട്ടില്‍ എം.കെ. സദാശിവന്റെ(74) മൃതദേഹമാണ് ഏറെ കഷ്ടതകള്‍ക്കൊടുവില്‍ ഇന്നലെ വീട്ടിലെത്തിച്ചത്. ഒറീസയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് അഞ്ചുമാസമായി കിടപ്പിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
സദാശിവന്റെ കണ്ടനേഴത്ത് വീട്ടിലേക്കുള്ള ഏക സഞ്ചാര മാര്‍ഗം സമീപമുള്ള പിഐപി കനാല്‍ പുറമ്പോക്കിലൂടെയായിരുന്നു. സ്വകാര്യവ്യക്തി കനാലിന് കുറുകെ മതില്‍കെട്ടി അടച്ചതോടെ വീട്ടിലെത്താന്‍ നടവഴി നിഷേധിക്കുന്നതായി കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള നടവഴിപോലും നിഷേ ധിച്ചതോടെ മൂന്നു കുടുംബങ്ങള്‍ അവരുടെ വീട് ഉപേക്ഷിച്ച വാര്‍ത്ത ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സദാശിവന്റെ മൃതദേഹം ഏറെ കഷ്ടതകള്‍ക്കൊടുവിലാണ് വീട്ടിലെത്തിച്ചത്. നാട്ടുകാര്‍ കനാല്‍ പുറമ്പോക്ക് വെട്ടിത്തെളിച്ച് തോടിന് മുകളില്‍ മരക്കൊമ്പുകള്‍ മുറിച്ചിട്ട് താത്ക്കാലിക സംവിധാനങ്ങള്‍ ഒരുക്കിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.ഭാര്യ; ആനന്ദവല്ലി. മക്കള്‍: അനുജാ സുരേഷ്, അജിത്ത് കുമാര്‍ (സിപിഒ ചെങ്ങന്നൂര്‍ ഡിവൈ എസ്പി ഓഫീസ്). മരുമക്കള്‍: സുരേഷ്ബാബു, സുബി.
















