ചേര്‍ത്തല: ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് സേവനസ്പര്‍ശത്തില്‍ ലഭിച്ച 453 പരാതികളില്‍ 78 എണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അനന്തര നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കൈമാറി.
അഞ്ചു വര്‍ഷം മുന്‍പ് തിരുപ്പതിയില്‍ നിന്നുള്ള ട്രെയിനില്‍ യാത്രക്കിടയില്‍ കാണാതായ മുപ്പത്തിയഞ്ചുകാരനായ മകനെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയുമായി അമ്മ ചേര്‍ത്തല മുനിസിപ്പാലിറ്റി 13-ാം വാര്‍ഡ് ഇടനാട്ട് വീട്ടിലെ ചന്ദ്രിക അദാലത്തിലെത്തി.
ഇതു സംബന്ധിച്ച അന്വേഷണം അടിയന്തരമായി നടത്തി റിപ്പോര്‍ട്ടു നല്‍കണമെന്ന് ചേര്‍ത്തല ഡിവൈഎസ്പിയ്‌ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സിവില്‍സ്റ്റേഷനിലെ ലിഫ്റ്റ് കേടയതിനാല്‍ മൂന്നാം നിലയിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസിലെത്താന്‍ ബുദ്ധിമുട്ടുന്നതായി ഭിന്നശേഷിക്കാരനായ ജീവനക്കാരന്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ലിഫ്റ്റിന്റെ കേടുപാടുകള്‍ തീര്‍ത്ത് എത്രയും പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മന്ത്രി പി. തിലോത്തമന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും മുഹമ്മ പള്ളിക്കുന്ന് സിക്‌സസ് ക്ലബ്ബിന് വോളിബോള്‍ കോര്‍ട്ടില്‍ ഫഌഡ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുവദിച്ച 1.50 ലക്ഷം രൂപ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വിനിയോഗിച്ചിട്ടില്ലെന്ന് ക്ലബ്ബ് സെക്രട്ടറി വിജീഷ് കുമാര്‍ പരാതി നല്‍കി.
ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിനു സമീപം തണ്ണീര്‍മുക്കം റോഡിന് ഇരുവശത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതുമൂലം അപടങ്ങള്‍ പതിവാകുന്നതായി വേളോര്‍വട്ടം ശശികുമാര്‍ നല്‍കിയ പരാതി നേരിട്ടന്വേഷിക്കാന്‍ ഡിവൈഎസ്പിയ്‌ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
















