കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ വൈശ്യംഭാഗം- മണപ്ര റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 2004-2005ല്‍ പിഎംജിഎസ്‌വൈ പദ്ധതിയില്‍പ്പടുത്തി അനുവദിച്ച റോഡ് 2010 മാര്‍ച്ചിലാണ് ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
നെടുമുടി, ചമ്പക്കുളം, മണപ്ര, പുല്ലങ്ങടി, നടുഭാഗം പ്രദേശങ്ങളിലേക്കുള്ള ജനങ്ങള്‍ക്ക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താനുള്ള എളുപ്പമാര്‍ഗ്ഗമാണിത്. താത്കാലിക സംവിധാനമെന്ന നിലയില്‍ നാട്ടുതോടുകള്‍ മണ്ണിട്ട് നികത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ഇപ്പോള്‍ ടാറിങും മെറ്റലിങും ഇളകിപ്പോയി വലിയകുണ്ടും കുഴിയുമായി റോഡ് പൂര്‍ണമായും തകര്‍ന്നു.
തോടിനു കുറുകെയുള്ള രണ്ടു പാലങ്ങള്‍ ഗുരുതരമായ അപകടാവസ്ഥയിലാണ്. ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലുള്ള ഈ പാലങ്ങളിലൂടെയാണ് കുട്ടികളെയുമായി നിരവധി സ്‌കൂള്‍ ബസുകള്‍ സഞ്ചരിക്കുന്നത്.
ഏഴു വര്‍ഷമായി ഈ റോഡില്‍ യാതൊരു മെയിന്റനന്‍സ് പണികളും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഫണ്ടനുവദിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പി.കെ. രാമചന്ദ്രപ്പണിക്കര്‍, ടി.ജി. ജയകുമാര്‍, ബിനോയി സ്‌കറിയ, മാത്തുക്കുട്ടി മാതിരംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















