കോഴിക്കോട്: സാമൂതിരി സ്വരൂപത്തിലെ രണ്ടാം സ്ഥാനി ഏറാള്‍പ്പാട് രാജ മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പി.സി.കുഞ്ഞേട്ടന്‍ രാജ (പി.സി.കെ.രാജ-91) അന്തരിച്ചു.
തളി സാമൂതിരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രധാന അധ്യാപകനും പ്രശസ്ത ഗണിതശാസ്ത്ര അധ്യാപകനുമായിരുന്നു. സാമൂതിരി ഭരണകാലത്ത് പാരമ്പര്യ പ്രാമുഖ്യമുണ്ടായിരുന്ന തലപ്പണ ഇല്ലത്തെ അംഗം പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും പരേതയായ അമ്പാടി കോവിലകം വലിയ തമ്പുരാട്ടിയായിരുന്ന കുട്ടിയനുജത്തി തമ്പുരാട്ടിയുടെയും മകനാണ്.
നാടകം (മൃഗതൃഷ്ണ), കവിത, ചെറുകഥ, നിരവധി ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ പ്രാദേശിക ചുമതല വഹിച്ചിരുന്ന ഇദ്ദേഹം ‘കേസരി’ വാരികയിലും ‘ഓര്‍ഗനൈസര്‍’ ഇംഗ്ലീഷ് വാരികയിലും വിദേശകാര്യ ലേഖനങ്ങള്‍ എഴുതിയിരുന്നു.
ദേശീയ പ്രസ്ഥാനത്തില്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം വരിച്ചിട്ടുണ്ട്. സാമൂതിരി സ്‌കൂളിലും കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലുമായി പഠനം നടത്തിയശേഷം മദ്രാസില്‍ പി.ഡബ്ല്യൂ.ഡിയിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ശേഷം അധ്യാപന താത്പര്യം കൊണ്ടാണ് നാട്ടിലെത്തിയത്.
ഭാര്യ: മേലാറ്റൂര്‍ നടുവക്കാട്ട് അരിക്കര രാധ കോവിലമ്മ. മക്കള്‍: ഡോ.എന്‍.എ.മിനി നവീനന്‍ (ചേവായൂര്‍ ഗവ. ത്വക്ക് രോഗാസ്പത്രി), ഡോ.എന്‍.എ.മായാശര്‍മ്മ (കോളേജ് അധ്യാപിക, ബെംഗളൂരു), എന്‍.എ.മഹേഷ് (സോഫ്‌ട്വെയര്‍ എന്‍ജി. അമേരിക്ക), എന്‍.എ.മൃദുല്‍രാജ് (സെക്ഷന്‍ ഓഫീസര്‍, വെറ്റിനറി സര്‍വ്വകലാശാല). മരുമകള്‍: എ.പി.നവീനന്‍ (ഷാര്‍ജ), ഡോ.പരമേശ്വര ശര്‍മ്മ (അഡീഷണല്‍ ഡയറക്ടര്‍, ഐ.എസ്.ആര്‍.ഒ), ആശാ മഹേഷ് (അമേരിക്ക), ഡോ.അനുരാധ(പെരിന്തല്‍മണ്ണ അസ്സെന്റ് ഇന്‍.എന്‍.ടി ആസ്പത്രി). സഹോദരങ്ങള്‍: പരേതരായ ഡോ.പി.സി.ചെറിയേട്ടന്‍ രാജ, അനുജത്തി തമ്പുരാട്ടി, പി.സി.വി.രാജ, ചെറിയ അനുജത്തി തമ്പുരാട്ടി.
















