പരപ്പനങ്ങാടി: നഗരസഭ രൂപീകൃതമായിട്ട് രണ്ടുവര്‍ഷം തികയുന്നു. ഭരണം മുടങ്ങിയിട്ടും ഇതേ കാലയളവ് തന്നെ. ഭരണ-പ്രതിപക്ഷ മുന്നണികളുടെ തര്‍ക്കവും ഭിന്നതയും കാരണം പരപ്പനങ്ങാടിയില്‍ നഗരാസൂത്രണ പ്രക്രിയകള്‍ പോലും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. ജീവനക്കാരുടെ കുറവ് നികത്താന്‍ ബന്ധപ്പെട്ട വകുപ്പിന് വലിയ ശുഷ്കാന്തിയുമില്ല.
നഗരസഭാ ഭരണം തങ്ങള്ക്കല്ലാത്തതിനാല് ഇതിങ്ങനെയൊക്കെ തന്നെ പോയാല്‍ മതിയെന്ന ദുശാഠ്യത്തിലാണ് സിപിഎം നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി. പരസ്പരം പഴിചാരി മുന്നണികള്‍ പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട പദ്ധതികളില്‍ പോലും അലംഭാവം തുടരുന്നു.
പൊതു ഇടങ്ങളിലെ ശൗചാലയങ്ങളുടെ കുറവു പരിഹരിക്കാനാണ് അഞ്ച് മാസം മുമ്പ് നഗരസഭ 4,17000 രൂപ ചിലവില്‍ ഒരു ബയോ ടോയ്ലറ്റ് വാങ്ങിയത്. ഇതിപ്പോള്‍ എവിടെ വെയ്ക്കണമെന്ന കാര്യത്തിലും തര്‍ക്കം തുടരുകയാണ്. ഏറ്റവും കൂടുതല്‍ ബസുകളും യാത്രക്കാരും വന്നു പോകുന്ന താനൂര്‍ റോഡിലെ ബസ്സ്റ്റോപ്പിനടുത്തോ പയനിങ്ങല്‍ ജംഗ്ഷനിലോ ഇത് സ്ഥാപിക്കണമെന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ വൈദ്യുതിയും വെള്ളവുമില്ലാതെ ഇത് ഇവിടെ സ്ഥാപിക്കാനാകില്ല എന്ന നിലപാടിലാണ് ഭരണപക്ഷം. പരപ്പനങ്ങാടി നഗരത്തെ രണ്ടായി തിരിക്കുന്ന റെയില്‍പ്പാളങ്ങള്‍ക്ക് കിഴക്ക് ചെമ്മാട്-മലപ്പുറം ഭാഗത്തേക്കുള്ള ബസുകള്‍ വന്നു പോകുന്ന പഴയ ബസ് സ്റ്റാന്റിലെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടോയ്ലറ്റ് കെട്ടിടത്തിന്റെ അരികിലാണിപ്പോള്‍ ബയോടോയ്ലറ്റ് ഇറക്കി വെച്ചിരിക്കുന്നത്.
അഞ്ച് മാസമായിട്ടും ഉദ്ഘാടനം നടത്താനാകാതെ ജനങ്ങളുടെ നികുതിപ്പണം കൊടുത്തു വാങ്ങിയ ബയോ ടോയ്ലറ്റ് കെടുകാര്യസ്ഥതയുടെ പ്രതീകമായി നോക്കുകുത്തിയാകുമോ എന്ന ആശങ്കയിലാണ് പരപ്പനങ്ങാടിക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: