എ.പി. മോഹനന്
ആലപ്പുഴ: മുതലാളിമാരെയും കള്ളക്കടത്തുകാരെയും സംരക്ഷിച്ച് ഇടതുപക്ഷത്തിന് പോലും ബാധ്യതയായ ജനജാഗ്രതാ യാത്രയുമായി ഇന്ന് ആലപ്പുഴയിലെത്തുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഓര്‍ക്കുന്നുണ്ടാവുമോ ആ രക്തസാക്ഷികളെ? എ.പി. മോഹനനും വി. കെ. വിശ്വനാഥനും അടക്കമുള്ള സ്വന്തം സഖാക്കളെ? സിപിഐയ്ക്ക് എറ്റവും അധികം രക്തസാക്ഷികളെ സമ്മാനിച്ച ജില്ലയാണ് ആലപ്പുഴ. ഇവിടെ സിപിഎമ്മിന്റെ കൊലക്കത്തിയ്ക്കിരയായത് ഒന്‍പതു സിപിഐക്കാരാണ്. ഏതാനും പേരെ പാര്ട്ടിക്കാര് സ്മരിക്കാറുണ്ടെങ്കിലും ചിലര്‍ വിസ്മൃതിയില്‍ മറഞ്ഞു.
സിപിഐ നേതാവും എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയും വാളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന എ.പി. മോഹനനെ അമ്മയുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് 1986 ജൂണ്‍ 26ന്. വീടുവളഞ്ഞ് സിപിഎമ്മുകാര്‍ അക്രമിക്കുകയായിരുന്നു. സിപിഎമ്മുകാര്‍ ഹാജരാക്കിയ മുഴുവന്‍ പ്രതികളെയും കോടതി ശിക്ഷിച്ചെങ്കിലും, സിപിഐ കൂടി പങ്കാളികളായ നായനാര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് ശിക്ഷാ ഇളവു നല്കി വിട്ടയച്ചു.
വി.കെ. വിശ്വനാഥനെ സിപിഎമ്മുകാര്‍ കൊന്നത് 1974 ഡിസംബര്‍ 14നായിരുന്നു. മണ്ണഞ്ചേരി ബ്രാഞ്ച് സെക്രട്ടറി, കയര്‍ഫാക്ടറി തൊഴിലാളി യൂണിയന് നേതാവ്, സ്പിന്നിങ് മില്‍ വര്‍ക്കേഴ്സ് യൂണിയന് മാനേജിങ് കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂണിയന് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ ബ്രാഞ്ച് എക്സിക്യൂട്ടീവ് യോഗവും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കൊന്നത്.
അച്യുതമേനോന് സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാതെ എഐടിയുസിയില്പ്പെട്ട കര്‍ഷക തൊഴിലാളികളെ പണിക്ക് അയച്ചതാണ് ഈ കൊടും ക്രൂരതയ്ക്ക് അവരെ പ്രേരിപ്പിച്ചത്.
ആലപ്പുഴ നഗരത്തില്‍ കൊട്ടാരപ്പാലത്തിന് സമീപമാണ് സിപിഐ പ്രവര്‍ത്തകനായ വിജയനെ സിപിഎമ്മുകാര്‍ അടിച്ചു കൊന്നത്. പോലീസുകാരുടെ കണ്മുന്നിലായിരുന്നു അക്രമം. വാരനാട് ഭാസ്ക്കരന്‍, ചെങ്ങന്നൂര്‍ എന്‍.ടി. തോമസ്, പി.പി. രഘുവപ്പന് കൈനകരി, വാസു, കല്ലന് ശിവന്, പാവൂക്കര ഉണ്ണിക്കൃഷ്ണന് എന്നിവരാണ് സിപിഎം കൊലക്കത്തിക്കിരയായത്.
ആലപ്പുഴ ജില്ലയിലുടനീളം ജനജാഗ്രതാ യാത്രയുമായി നീങ്ങുമ്പോള്‍ സ്വീകരിക്കാന്‍ സിപിഎം നേതാക്കന്മാര് എത്തിയാല്‍, അവര്‍ അണിയിക്കുന്ന രക്തഹാരങ്ങളില്‍, അവര്‍ കൊന്നിട്ട സിപിഐക്കാരുടെ രക്തംപുരണ്ടിട്ടുണ്ടെന്ന് കാനം ഓര്‍ക്കുമോ…
















