ഇടുക്കി: ബോഡിമെട്ടില്‍ മൂന്നാര്‍ സ്വദേശികളായ ഓട്ടോഡ്രൈവര്‍മാരെ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശി ചെല്ലദുരൈയാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എസ്റ്റേറ്റ് മണിയെന്ന മണി കഴിഞ്ഞ ദിവസം ചെന്നൈ കോടതിയില്‍ കീഴടങ്ങിയിരുന്നു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ചെല്ലദുരൈ പറഞ്ഞിട്ടാണ് എല്ലപ്പെട്ടി കെ.കെ. ഡിവിഷന് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ പീറ്റര്‍ ജോണ്‍ (19), ശരവണന് (17) എന്നിവരെ കൊലപ്പെടുത്തിയതെന്ന് മണി ബോഡിമെട്ട് കൊരങ്ങിണി പോലീസില്‍ മൊഴിനല്‍കി.
ചെല്ലദുരൈയോട് ഇന്നലെ കൊരങ്ങിണി സ്റ്റേഷനില്‍ മൊബൈല്‍ ഫോണുമായി എത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ ചെല്ലദുരൈയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മുഖ്യപ്രതി മണിയും ചെല്ലദുരൈയും ബന്ധുക്കളാണ്. ചെല്ലദുരൈയ്ക്ക് എസ്റ്റേറ്റ് കേന്ദ്രീകരിച്ച് ചാരായം വില്‍പ്പനയുണ്ടായിരുന്നു. അടുത്തിടെ ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ ചെല്ലദുരൈയെ എക്സൈസ് സംഘത്തിന് കാട്ടിക്കൊടുത്തത് പീറ്ററും, ശരവണനുമാണെന്ന് ചെല്ലദുരൈ തെറ്റിദ്ധരിച്ചു. ഇത് വൈരാഗ്യത്തിനുള്ള കാരണമായി.
രണ്ടാഴ്ച മുന്‍പ് മണി എല്ലപ്പെട്ടി എസ്റ്റേറ്റിലെത്തിയപ്പോള്‍ സമീപത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ പോയി. ഈ സമയത്ത് പീറ്ററും ശരവണനും പടക്കം പൊട്ടിച്ചു. ഈ സംഭവത്തില്‍ മണിക്കും കൊല്ലപ്പെട്ടവരോട് വൈരാഗ്യമുണ്ടാകാന്‍ ഇടയായി. ചെല്ലദുരൈയും മണിയും ഗൂഢാലോചന നടത്തി യുവാക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് തമിഴ്നാട് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
മണിക്ക് മൂന്ന് ദിവസം ആഹാരവും മദ്യവും വാങ്ങി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ചെല്ലദുരൈ മൊഴിനല്‍കി. ഇയാള്‍ മണിക്ക് പണം നല്‍കിയത് സംബന്ധിച്ച വിവരങ്ങളാണ് പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണം ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.
















