മാനേജ്മെന്റ് പിജി പ്രോഗ്രാമുകളിലേക്കുള്ള യോഗ്യതാ പരീക്ഷയായ കോമണ്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (CMAT-2018) ജനുവരി 21 ന് ദേശീയതയലത്തില് നടക്കും. AICTE- ആണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത ബിരുദമുള്ളവര്‍ക്കും 2018 ല്‍ ൈഫനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
ടെസ്റ്റ് ഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1400 രൂപ. വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 700 രൂപ. ബാങ്ക്ചാര്‍ജ് കൂടി നല്‍കണം. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് മുഖാന്തിരമോ നെറ്റ് ബാങ്കിംഗിലൂടെയോ ഫീസ് അടയ്ക്കാം.
ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് www.aicte-cmat.in- എന്ന വെബ്സൈറ്റില്‍ ‘How to apply’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
ടെസ്റ്റ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റില്‍ ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആന്റ്ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍, ലോജിക്കല്‍ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെന്ഷന്, പൊതുവിജ്ഞാനം എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങള്‍ ഉണ്ടാവും. ഓരോ സെക്ഷനിലും ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 25 ചോദ്യങ്ങളാണുണ്ടാവുക. ആകെ 100 ചോദ്യങ്ങള്‍, പരമാവധി മാര്‍ക്ക് 400. രാവിലെ 9.30 ന് ടെസ്റ്റ് ആരംഭിക്കും. മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. മൂല്യനിര്‍ണയത്തിന് നെഗറ്റീവ് മാര്‍ക്കിംഗ് രീതിയുണ്ട്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയും. ടെസ്റ്റിന്റെ മാതൃക അറിയുന്നതിന് ‘ട്രയല്‍ ടെസ്റ്റ്’ സൗകര്യം വെബ്സൈറ്റില്‍ ലഭിക്കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂര്‍, ചെന്നൈ, മാംഗ്ലൂര്‍, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, നവി മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത മുതലായവ പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. അഡ്മിറ്റ് കാര്‍ഡ് ജനുവരി 5 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aicte-cmat.in- എന്ന വെബ്സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: