കൂറ്റനാട്: തൃത്താല വികെ കടവ് റോഡില്‍ കരിമ്പനകടവ് ബസ് സ്റ്റോപ്പ് പരിസരം മദ്യപാനികളുടെ താവളമായി മാറുന്നു.
ബസ്റ്റോപ്പിന് സമീപത്ത് തന്നെയാണ് ബീവറേജ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. പട്ടാമ്പി താലൂക്കിലെ ഏക വിദേശമദ്യ വില്പനശാല ആയതിനാല്‍ നിത്യവും നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്. മദ്യപിച്ചു അലഞ്ഞുതിരിയുന്നവര്‍ പ്രദേശവാസികളുടെ പ്രത്യേകിച്ചു സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്ക് ഭീഷണിയായിരിക്കുകയാണെന്നും ആരോപണമുണ്ട്. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ ഇവരെ കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കേണ്ട അവസ്ഥയിലാണ് മാതാപിതാക്കള്‍.
ഇവിടെ നിന്നും മദ്യം വാങ്ങുന്നവരില്‍ ഭൂരിഭാഗം പേരും ബസ്റ്റോപ്പിന് സമീപത്തിരുന്നാണ് മദ്യപിക്കുന്നത്. മദ്യപിച്ചതിന് ശേഷം ഇക്കൂട്ടര്‍ മദ്യക്കുപ്പികള്‍ നെല്‍കൃഷിക്കായി ഉപയോഗിക്കുന്ന കനാലിലും റോഡരികിലും ഉപേക്ഷിക്കുന്നു.
ഇത് ജനങ്ങളില്‍ ഏറെ പരാതി ഉണ്ടാക്കുന്നു. കൂടാതെ മദ്യപര്‍ സമീപത്തെ വീട്ടുപറമ്പുകളിലും മദ്യകുപ്പികള്‍ വലിച്ചെറിയുന്നതായും പരിതിയുണ്ട്. കനാലിലൂടെ ഒഴുകി കൃഷിസ്ഥലത്തെത്തുന്ന മദ്യക്കുപ്പികള്‍ ദിവസേന നീക്കം ചെയ്യേണ്ട ഗതികേടിലാണ് ഇവിടത്തെ കര്‍ഷകര്‍. കരിമ്പനക്കടവില്‍ ബീവറേജസ് കോര്‍പറേഷന്റെ മദ്യവില്പനശാലയ്ക്കെതിരെ ആരംഭത്തില്‍ തന്നെ പരാതി ഉയര്‍ന്നിരുന്നു.
കൊപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് കരിമ്പനക്കടവിലേക്ക് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് മാറ്റിയത്. ഗ്രാമപ്പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്ത് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നെങ്കിലും പിന്നീട് മദ്യശാല പ്രവര്‍ത്തിക്കാനുള്ള അനുമതി നേടുകയായിരുന്നു.
ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണഅവശിഷ്ടങ്ങളും ഉയര്‍ത്തുന്ന മാലിന്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് പരാതി കൊടുത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു. നിരോധിത ഉത്പന്നങ്ങളുടെ ഒഴിഞ്ഞ കവറുകളും ഈ പ്രദേശത്തു ധാരാളമായി കണ്ടുവരുന്നുണ്ട്.
പൊതുസ്ഥലത്തെ മദ്യപാനം, നിരോധിത ഉത്പന്നങ്ങളുടെ വില്പന എന്നിവ നിയന്ത്രിച്ച് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്താനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: