കലാകാരന്മാരോടും അഭിനേതാക്കളോടും ഇതരവിഭാഗങ്ങളില്പ്പെട്ടവരോടും സഹഭാവപൂര്‍ണ്ണമായ സമീപനമാണ് ഉദയായും മെറിലാന്റും അസോഷ്യേറ്റഡും പുലര്‍ത്തിയിരുന്നത്. അക്കാര്യത്തില്‍ ഇതര ഭാഷാചിത്ര നിര്‍മ്മാണകേന്ദ്രങ്ങള്‍ പാലിച്ചുപോന്ന നിലപാടുകളില്‍നിന്നും പ്രകടമായ വ്യത്യാസം അവര്‍ക്കുണ്ടായിരുന്നു.
കലാകാരന്മാരുടെ വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങളോടു ഉദാരമതിയായ ഒരു പ്രഭുവിന്റെ (ആലില്ീഹലി േഘീൃറ) സമീപനമാണ് മൂവരും കൈക്കൊണ്ടത്. പതിവായി അവരുടെ ചിത്രങ്ങളില്‍ സഹകരിക്കുന്നവര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ വിവാഹമോ മരണമോ, രോഗാവസ്ഥയും തല്തുടര്ന്നുള്ള ചികിത്സയുമോ വീടുപണിയോ മക്കളുടെ ഉപരിപഠനമോ എന്തായിരുന്നാലും വിശ്വാസപൂര്‍വ്വം ഈ നിര്‍മ്മാതാക്കളെ സഹായത്തിനായി ആശ്രയിക്കാമായിരുന്നു.
ചെയ്തുകഴിഞ്ഞ കര്മ്മത്തിന് കരാര്‍പ്രകാരം കൊടുത്തുതീര്‍ക്കുവാനുള്ള പ്രതിഫലം പരമാവധി വൈകിക്കുന്ന രീതിവട്ടങ്ങള്‍ അരങ്ങുവാഴുന്ന സമയം. ഇതിനിടയിലാണ് അങ്ങനെ ഒരു തുക ബാക്കിനില്പ്പില്ലാത്തപ്പോഴും ആപല്‍ഘട്ടങ്ങളില്‍ നാളെ ചെയ്യുവാനിരിക്കുന്ന ചിത്രത്തിന്റെ, ചിത്രങ്ങളുടെ പ്രതിഫലകണക്കില്നിന്നും മുന്‍കൂറായി തുക അനുവദിച്ചു നല്കി സഹായത്തിനു തരിക എന്ന മനുഷ്യത്വപരമായ നിലപാടാണ് ഇവര്‍ കൈക്കൊണ്ടത്.
രണ്ടുതരത്തിലാണിത് ആശ്വാസത്തിനുതകിയിരുന്നത്. ഒന്ന്, ആവശ്യത്തിന് ആശ്രയിക്കാവുന്ന ഒരു സഹായസ്രോതസ്സ് എന്ന നിലയില്‍. ഭാവിയില്‍ സഹവര്ത്തിക്കുവാനിരിക്കുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തിലെ ഒരു വിഹിതം മുന്‍കൂറായി ഇന്നേ ലഭിക്കുമ്പോള്‍ നാളെ ചിത്രമുണ്ട്; തുടര്‍ച്ചയായി ചിത്രങ്ങളുണ്ട് എന്ന തൊഴില്‍പരമായ സുരക്ഷിതത്വംകൂടി പ്രദാനം ചെയ്യുന്നു എന്നതാണതിലുമേറെ പ്രധാനം.
‘കരാര്‍ പ്രകാരം’ എന്ന മുന്‍ ഖണ്ഡികയില്‍ പറഞ്ഞതിന് അടിവരയിടണം. ഒരു ചിത്രത്തില്‍ ഒരാള്‍ സഹവര്‍ത്തിക്കുമ്പോള്‍ അയാള്‍ക്കു നല്‍കേണ്ട പ്രതിഫലം, സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് കൃത്യതയാര്‍ന്ന കണക്കുകള്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടായിരുന്നു. അതേ കൃത്യതയോടെതന്നെ അവര്‍ അതു നല്‍കുകയും ചെയ്തു. അത് എപ്പോള്‍, എങ്ങിനെ എത്ര ഗഡുക്കളായി ലഭിക്കുമെന്ന് തൊഴില്‍ സ്വീകരിക്കുന്നവര്ക്കുമറിയാമായിരുന്നു. അതോടെ കൊടുക്കല്‍ വാങ്ങലുകള്‍ക്കു ഒരു ക്ലിപ്തത വന്നു ഭവിച്ചിരുന്നു. പാടിക്കഴിഞ്ഞ പാട്ടിന്റെ പ്രതിഫലം കിട്ടുവാന്‍ പലകുറി പ്രൊഡക്ഷന്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടിവന്ന അനുഭവം യേശുദാസ് പറഞ്ഞിട്ടുണ്ട്. അഭിനേതാക്കള്‍ക്കും സാങ്കേതിക കലാകാരന്മാര്ക്കും ഇത്തരം അനുഭവങ്ങള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ദുരനുഭവം ഈ മൂന്നു നിര്മ്മാണകേന്ദ്രങ്ങളില്നിന്നും ആര്ക്കുമുണ്ടായതായി പരാതികള്‍ ഉയര്‍ന്നില്ല.
ഒറ്റയ്ക്കും തെറ്റയ്ക്കും ചിത്രം നിര്‍മ്മിക്കുവാന്‍ വരുന്നവര്‍ തരുന്ന തോതിലുള്ള പ്രതിഫലം ഇവര്‍ നല്കുമായിരുന്നില്ല. തുടര്‍ച്ചയായി ചിത്രങ്ങള്‍ നല്കുമ്പോള് പ്രതിഫലകാര്യത്തില്‍ ഒരു കിഴിവ് തങ്ങളുടെ അവകാശമാണെന്ന് അവര്‍ കരുതുകയും നിഷ്ഠാപൂര്‍വ്വം അതു ഗണിച്ചുകൊണ്ടുതന്നെ തുകകള്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. വൈകി നല്കുന്ന പ്രതിഫലം പ്രതിഫല നിഷേധത്തിനു സമമായി തൊഴിലിനെ അവമതിക്കുന്ന അവസ്ഥ ഇവിടെയുണ്ടായില്ല. തൊഴില്‍ ദാതാവിന്റെ ഔദാര്യമല്ല, തൊഴിലിനവകാശപ്പെട്ട വേതനം എന്ന ബോധ്യം ഇരുകൂട്ടര്‍ക്കുമിടയില്‍ വ്യക്തതയോടെ കാണാമായിരുന്നു. തൊഴിലിന്റെ അന്തസ്സില്‍ അഭിമാനിക്കുവാന് അതു കലാകാരനും തൊഴിലാളിക്കും വകനല്കുകയും ചെയ്തു.
ഉദയായുമായി ‘സന്ധ്യമയങ്ങും നേരം’ എന്ന ചിത്രത്തില്‍ സഹവര്ത്തിച്ചപ്പോള് പ്രതിഫലബാക്കി സൗകര്യപൂര്‍വ്വം വാങ്ങാമെന്നു കരുതി, തേടിച്ചെല്ലാതിരുന്ന എന്നെ ഇങ്ങോട്ടു വിളിച്ച് ഒരല്‍പ്പം ശകാരരൂപത്തില്‍ പരിഭവിച്ച നിര്‍മ്മാതാവിന്റെ സ്വരം ഇപ്പോഴും കാതിലുണ്ട്.
”അതേയ്, ഈ ബാക്കി ഇവിടെ ഇങ്ങിനെ വച്ചുകൊണ്ടിരിക്കുന്നതു ശരിയാകില്ല. ഇതൊന്നങ്ങോട്ടു വാങ്ങിക്കൊണ്ടുപോയാട്ടെ.” ബോബന് കുഞ്ചാക്കോ അനുവര്‍ത്തിച്ച ഈ നയം കുഞ്ചാക്കോയും പി. സുബ്രഹ്മണ്യവും ടി.ഇ. വാസുദേവനും നിലനിര്‍ത്തിപ്പോന്ന മാതൃകയുടെ തുടര്‍ച്ചയായിരുന്നു.
മെറിലാന്റിനുവേണ്ടി ഒരു ചിത്രത്തിനു എന്നെ വിളിച്ചു. വാസുദേവന്‍ സാറിന്റെ ഒരു ചിത്രത്തിനുവേണ്ടി വേറെയും. പി. സുബ്രഹ്മണ്യത്തിന്റെ മകന് എസ്. കുമാറാണ് അന്ന് ബന്ധപ്പെട്ടത്. ഒരു ചിത്രത്തില്‍ സഹകരിക്കുന്നു എന്നുറപ്പിച്ചപ്പോള്‍ എസ്. കുമാറുമതെ, വാസുദേവന്സാറുമതെ, ആദ്യം പറഞ്ഞുറപ്പിച്ചത് പ്രതിഫലക്കാര്യമാണ്. ചര്ച്ചകള്ക്കിരിയ്ക്കും മുന്‍പേ അഡ്വാന്‍സ് തന്നു. ബാക്കി ചിത്രം പുരോഗമിക്കുന്ന മുറയ്ക്കു ഏതേതു ഗഡുക്കളായി നല്കുമെന്നു പറഞ്ഞു ധാരണയുണ്ടാക്കി. കര്‍മ്മവേളയില്‍ വേണ്ട സൗകര്യങ്ങള്‍ ചോദിച്ചറിഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു ചിത്രങ്ങളും പിന്നീട് നിര്മ്മാണഘട്ടത്തിലെത്തിയില്ല. പക്ഷെ മൂന്നിടത്തും എന്നോടു സാമ്പത്തിക കാര്യങ്ങളും സേവന ധാരണകളും സംസാരിച്ചത് നിര്‍മ്മാതാക്കള്‍ നേരിട്ടാണ്. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നേരിട്ട് ഇടപെടുന്ന നിര്‍മ്മാണ സാരഥ്യ രീതിയുടെ നല്ല മാതൃകകളായിരുന്നു ഇവ മൂന്നും.
ജനപ്രീതി സാധ്യതയായിരുന്നു മൂന്നിടത്തും എല്ലാ തീരുമാനങ്ങളുടെ പിന്നിലുമുള്ള അളവുമാത്ര. ബന്ധപ്പെടുന്ന വ്യക്തികളുടെ താരമൂല്യം, പ്രാമുഖ്യം,പ്രതിഫലകാര്യത്തിലും സേവനവ്യവസ്ഥകളിലും നല്കുന്ന ഭക്ഷണം, താമസം അടക്കമുള്ള സൗകര്യങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു.
ഗ്രേഡ് തിരിച്ചുതന്നെയായിരുന്നു സമീപനം.
സംവിധായകന്, ഛായാഗ്രഹകന്, തിരക്കഥാകൃത്ത് (തുല്യപ്രാമുഖ്യം ഈ ശാഖയ്ക്കു ലഭിക്കുന്നതിനു കുറച്ചു കാലതാമസം വന്നു; കമ്പനി എഴുത്തുകാര്‍ എന്നൊരു വിഭാഗം ഉണ്ടായിരുന്നത് അതിനൊരു കാരണവുമായിരുന്നു!) നായികമാര്‍, നായകന്മാര്, സ്വഭാവ/സഹനടന്മാരില് നായകനോടടുത്തു താരതമ്യമൂല്യമുള്ളവര് എന്നിവര്‍ക്കായി സംവരണം ചെയ്തതാണ് എ ഗ്രേഡ്. താമസത്തിലും ഭക്ഷണത്തിലും യാത്രാസൗകര്യങ്ങളിലുമെല്ലാം ഇതു പ്രത്യക്ഷമാകും. സഹസംവിധായകര്‍ക്കും ഇതരവിഭാഗത്തലവന്മാര്ക്കും സഹനടീനടന്മാര്‍ക്കും ബി ഗ്രേഡ് അനുവദിക്കും. സി ഗ്രേഡ് സാധാരണ ജീവനക്കാര്‍ക്ക്. ആള്‍ക്കൂട്ടം ഇടചേരുന്ന ചിത്രീകരണ സന്ദര്‍ഭങ്ങളില്‍ പൊതിച്ചോര്‍ മാതൃകയിലുള്ള ഒരു ഡി ഗ്രേഡും പതിവ്.
പ്രഭാതഭക്ഷണത്തിനു തൊട്ട് നാലും അഞ്ചും കോഴ്സുമായി ആഘോഷപൂര്‍വ്വം ഊണുമേശപ്പുറത്തെത്തുന്ന ഭക്ഷണം എ ഗ്രേഡിനവകാശപ്പെട്ട ആനുകൂല്യമാണ്. ഇന്നും അത് ചില ഭേദാന്തരങ്ങളോടെ തുടരുന്നുമുണ്ട്. പിന്നുള്ള ഗ്രേഡുകള്‍ക്ക് തുല്യനിലയിലുള്ള ഭേദപ്പെട്ട ഭക്ഷണം എന്നുറപ്പുവരുത്തിയതാണ് ഇക്കാര്യത്തില്‍ പിന്നീടുണ്ടായ മാറ്റം. ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പടവെട്ടലിന്റെ ഗാഥയായ തകഴിയുടെ ‘രണ്ടിടങ്ങഴി’ മെറിലാന്റ് സിനിമയാക്കിയപ്പോള്‍ ഭക്ഷണവിതാനത്തിലെ ഈ ഉച്ചനീചത്തം കണ്ട് രോഷാകുലനായി ചിത്രത്തില്‍ നായകവേഷം കൈയ്യാളിയ പി.ജെ. ആന്റണി സമരമുറയ്ക്കിറങ്ങിയ കഥ കേട്ടിട്ടുണ്ട്.
‘സന്ധ്യമയങ്ങും നേര’ നാളുകളില്‍ ഭരതനും എനിക്കും ഗോപിക്കും ജയഭാരതിക്കും ലഭിച്ച ഭക്ഷണമല്ല സഹസംവിധായകരായ ജോര്‍ജ് കിത്തുവിനും പോള്‍ ബാബുവിനും; അവര്‍ക്കു ലഭിക്കുന്ന ഭക്ഷണമല്ല കാന്റീനില്‍ മറ്റുള്ളവര്‍ക്കു നല്കുന്നതെന്നുമറിഞ്ഞപ്പോള് ഭരതനും ഞാനും ഗോപിയുംകൂടി കിത്തുവിന്റെയും ബാബുവിന്റെയും ഭക്ഷണം പങ്കിട്ടുകൊണ്ട് ഇക്കാര്യത്തിലുള്ള ഞങ്ങളുടെ പ്രതികരണം പ്രത്യക്ഷപ്പെടുത്തിയത് കൃത്യമായി വായിച്ചെടുത്ത് ബോബന് കുഞ്ചാക്കോയും അന്നമ്മ കുഞ്ചാക്കോയും ഉടന്‍ അതിലിടപെട്ടു ഭക്ഷണപാതത്തില് പുനഃക്രമീകരണം നടത്തിയതു നേരോര്‍മ്മ. ബി, സി ഗ്രേഡിലുള്ളവരെ അപ്ഗ്രേഡ് ചെയ്തപ്പോഴും ഞങ്ങള്‍ക്ക് എ ഗ്രേഡില്‍ ലഭിച്ചുപോന്ന അധിക ആനുകൂല്യങ്ങള്‍ പിന്‍വലിച്ചിരുന്നില്ല, പക്ഷേ! ഓരോ സമ്പ്രദായമുറയ്ക്കും അതിന്റേതായ താളവട്ടമുണ്ടാവുക സഹജം!
ഇത്രയും സഹഭാവപുരാവൃത്തം. ഏല്ക്കുന്ന ജോലി ചെയ്യിപ്പിച്ചെടുക്കുന്നതില് തികച്ചും കര്‍ക്കശമായ ശാഠ്യനിഷ്ഠതന്നെ ഇവര്‍ പുലര്‍ത്തിയിരുന്നു. അതുറപ്പുവരുത്തുവാന്‍ വേണ്ട കര്‍ശനമായ നിയന്ത്രണങ്ങളും അതിര്ലംഘനങ്ങളോടു കടുത്ത സമീപനവും കര്മ്മമദ്ധ്യേ അലോസരമുണര്‍ത്തുന്ന സാദ്ധ്യതകളുടെ നിരോധനവും ആലില്ീഹലി േആയിരിക്കെയും ഘീൃറ ആയ മുതലാളിയുടെ അനിവാര്യ പ്രകൃതമായി ഇവര്‍ കൊണ്ടുനടക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: