ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിന് സ്‌കൂളുകളിലെ സൗകര്യം മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാലയുടെ ഭാഗമായി നടന്ന സംവാദത്തില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങളും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും കൗണ്‍സിലര്‍മാരുമായി പങ്കുവയ്‌ക്കുന്നതും കൗണ്‍സിലിംഗ് നല്‍കുന്നതും സ്വകാര്യത ഉറപ്പുള്ള സാഹചര്യത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പലപ്പോഴും സാധിക്കുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. സംവാദത്തില്‍ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായ സിസ്റ്റര്‍ ബിജി ജോസ്, ശ്രീലാ മേനോന്‍, സി.ജെ. ആന്റണി, എം.പി. ആന്റണി, പബ്ലിക് റിലേഷന്‍ ഓഫീസര്‍ വി.പി. പ്രമോദ് കുമാര്‍, ഡിവൈ.എസ്.പി. വിജയകുമാരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















