കാഞ്ഞിരപ്പള്ളി: ടൗണില്‍ ഓടകള്‍ വൃത്തിയാക്കാത്തതു മൂലം മഴവെളളം ഒഴുകി പോകുന്നതിന് തടസമായത് ദുരിതമായി. ഇന്നലത്തെ കനത്ത മഴയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയാത്തവിധമാണ് ടൗണില്‍ വെള്ളക്കെട്ട് ഉണ്ടായത്. ടൗണിന്റെ പല ഭാഗങ്ങളിലും സ്ഥിതി ഇതു തന്നെ. പലയിടങ്ങളിലും ഓടകള്‍ മണ്ണും കല്ലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഉയര്‍ന്ന പ്രദേശത്തെ വെള്ളം ഒഴുകിയെത്തുന്നത് ദേശീയപാതയിലാണ്. ദേശീയ പാതയില്‍ നിന്നും എസ്ബിഐ ബാങ്കിലേക്കുള്ള തകര്‍ന്ന റോഡിലെ മെറ്റലുകളും മണ്ണും കനത്ത മഴയില്‍ റോഡിലേക്കാണ് ഒഴുകിയെത്തിയത്. ഇത് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമായി. രണ്ടു ബൈക്ക് യാത്രക്കാര്‍ മെറ്റലുകളില്‍ കയറി തെന്നി വീണു. ഈ ഭാഗത്തെ ഓടകള്‍ അടഞ്ഞു കിടക്കുകയാണ്. ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെറ്റലുകള്‍ തെറിച്ച് വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും തെറിച്ച് വീഴുന്നു.
ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലാണ് വെള്ളക്കെട്ട് കൂടുതലും. വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ദേശീയ പാത വിഭാഗമാണ് ഓടകള്‍ വൃത്തിയാക്കേണ്ടതെന്നാണ് പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. എന്നാല്‍, തര്‍ക്കമൂലം ദുരിതത്തിലായിരിക്കുന്നത് പൊതു ജനങ്ങളാണ്. അടിയന്തരമായി ഓടകള്‍ വൃത്തിയാക്കണമെന്ന ആവശ്യം ശക്തമായി.
















