ആലപ്പുഴ: സിപിഎമ്മിന്റെയും സിപിഐയുടെയും തമ്മിലടിയെ തുടര്‍ന്ന വിവാദത്തിലായ പുന്നപ്ര-വയലാര്‍ വാരാചരണത്തിന്റെ ഇന്നത്തെ സമാപന പരിപാടിയില്‍ ഇരു പാര്‍ട്ടികളുടെയും സെക്രട്ടറിമാര്‍ എത്തില്ല. മുഖ്യമന്ത്രിയും പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ സമര സേനാനികളും പാര്‍ട്ടി അണികളും നിരാശയിലാണ്.
പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പോലും രക്തസാക്ഷികളെ അവഗണിക്കുന്നത് ദുഃഖകരമാണെന്നാണ് അവര്‍ പറയുന്നത്. ഇരുപാര്‍ട്ടികളും ഒന്നിച്ച് രക്തസാക്ഷി വാരം ആചരിക്കാന്‍ തുടങ്ങിയ ശേഷം സമാപന പരിപാടിയില്‍ സംസ്ഥാന സെക്രട്ടറിമാര്‍ പങ്കെടുക്കുന്നതായിരുന്നു കീഴ്വഴക്കം. പാര്‍ട്ടി ഭരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കൃത്യമായി ചടങ്ങിനെത്തുമായിരുന്നു.
എന്നാല്‍ സമരത്തിന്റെ 71-ാം വാര്‍ഷികാചരണത്തില്‍ ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. പാര്‍ട്ടി സെക്രട്ടറിമാര്‍ ജാഗ്രതായാത്രയ്ക്ക് നേതൃത്വം നല്കുന്നതിനാലാണ് പരിപാടിക്ക് എത്താത്തത്. വാരാചരണ കാലയളവില്‍ രാഷ്ട്രീയ പ്രചാരണ ജാഥ നടത്താനുള്ള സിപിഎമ്മിന്റെയും സിപിഐയുടെയും തീരുമാനം നേരത്തെ തന്നെ വിവാദമായിരുന്നു. ഇപ്പോഴാകട്ടെ രക്തസാക്ഷികളെ അവഹേളിക്കുന്ന തരത്തിലാണ് യാത്രയെന്നും വിമര്‍ശനം ഉയരുന്നു.
സാമ്പത്തിക കുറ്റവാളികളുടെ വാഹനങ്ങളിലും അവര്‍ ഒരുക്കുന്ന വിരുന്നുകളിലും പങ്കെടുത്ത് നേതൃത്വം യാത്രകള്‍ നടത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി പാവപ്പെട്ട കര്‍ഷക, കയര്‍ തൊഴിലാളികള്‍ ചോരയും ജീവനും നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കലിനെ പോലും അപമാനിക്കുന്നതാണെന്നാണ് അവശേഷിക്കുന്ന സമരസേനാനികളും കുടുംബങ്ങളും കുറ്റപ്പെടുത്തുന്നത്.
സിപിഎമ്മിന്റെയും സിപിഐയുടെയും തമ്മിലടിയെ തുടര്‍ന്ന് രണ്ടായി പരിപാടികള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും സിപിഐ സംസ്ഥാന നേതൃത്വം ഒടുവില്‍ മുട്ടുമടക്കുകയായിരുന്നു. അതിലും സിപിഐ അണികള്‍ക്ക് അമര്‍ഷമുണ്ട്.
മുതലാളിത്തത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടമായിരുന്നു പുന്നപ്ര-വയലാര്‍ സമരമെന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മുതലാളിമാരെയും, അഴിമതിക്കാരെയും സംരക്ഷിച്ച് അവരുടെ ചെലവില്‍ ഇടതുമുന്നണി ഇപ്പോള്‍ നടത്തുന്ന യാത്ര പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: