ജി.ഗോപകുമാര്‍
തിരുവല്ല: ഏത്തവാഴക്കൃഷിയില്‍ വിളവെടുപ്പ് നടത്തുകയാണ് മലയോരങ്ങളിലെ കര്‍ഷകര്‍. കൃഷിഭൂമി പാട്ടത്തിനെടുത്തും സ്വന്തം സ്ഥലത്തും കൃഷിയിറക്കി ശബരിമല തീര്‍ഥാടനകാലത്ത് വിളവെടുക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക ഗ്രൂപ്പുകള്‍.
കുടുംബശ്രീകള്‍,കര്‍ഷക സ്വയം സഹായസംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഏത്തവാഴ കൃഷി ചെയ്യുന്നത്. ഒറ്റയ്ക്കും കൂട്ടായും പണിചെയ്ത് നൂറുമേനി വിളവ് അവര്‍ കൊയ്യുന്നു. മണ്ഡലകാലത്തും തുടര്‍ന്ന് വരുന്ന ഉത്സവ കാലങ്ങളിലും വിളവെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് കൃഷി നടത്തിയിരിക്കുന്നത്.
ഏത്തക്കായ്ക്ക് നല്ല വില ലഭിക്കുന്നത് ഈ സമയങ്ങളിലാണ്. എന്നാല്‍ നാടന്‍ കുലകളുടെയത്ര ഗുണം ഇറക്കുമതി ചെയ്ത ഏത്തപ്പഴത്തിന് ലഭിക്കാറില്ല.
അതുകൊണ്ടു തന്നെ നാടന്‍ കുലകള്‍ വാങ്ങാന്‍ തിരക്കേറെയാണ്. ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഏത്തക്കുലകള്‍ക്ക് വില അല്പം കൂടുതലാണങ്കിലും വാങ്ങാന്‍ ജനത്തിനു മടിയില്ല. ശബരിമല തീര്‍ഥാടനകാലത്ത് ഏത്തക്കുലകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. ഏത്തപ്പഴം, ഉപ്പേരി എന്നിവ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാര് വാങ്ങാറുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ഏത്തക്കായ പൊരിച്ചതും സുലഭമാണ്. ഏത്തപ്പഴം പൊരിച്ചത് വില്‍ക്കാനാണ് കടക്കാര്‍ക്ക് താല്പര്യം. ഒരു ഏത്തക്കായ അഞ്ചും ആറും കഷണങ്ങളായിട്ടാണ് പൊരിച്ചു വില്‍ക്കുന്നത് ഇത് കൂടുതല്‍ ലാഭം ഹോട്ടലുകാര്‍ക്ക് ലഭിക്കും.
ഓണക്കാലത്തുണ്ടായിരുന്ന വില ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഓണത്തിന് നൂറു രൂപവരെ കിട്ടിയിരുന്നു. ഇപ്പോള്‍ കിലോയ്ക്ക് 50–60 രൂപയാണ് വില. നാടന്‍ ഏത്തക്കുലയ്ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറയും. ഓണക്കാലത്ത് വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ നിന്ന് ഏത്തക്കുലകള്‍ വിപണിയില്‍ എത്തിയിരുന്നു.
ഇതിന്റെ മെച്ചം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെങ്കിലും ഉല്പാദിപ്പിക്കുന്ന ഏത്തക്കുലകളെല്ലാം വില്പന നടത്താന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: