പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ മരുതൂരില്‍ 16 വര്‍ഷം മുമ്പ് നിര്‍മ്മിച്ച വനിതാവ്യവസായ കേന്ദ്രം തുറക്കാന്‍ നടപടി. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച വ്യവസായ കേന്ദ്രം പൂട്ടിക്കിടക്കുന്നതിനെപ്പറ്റി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമ്പനി തുറക്കാന്‍ നടപടിയായത്.
വ്യവസായ കേന്ദ്രം ഇത്രയും വര്‍ഷം പൂട്ടിക്കിടന്നിരുന്നതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ നിലയിലായിരുന്നു. അറ്റകുറ്റപ്പണികള്‍ ഏറെയുള്ളതിനാല്‍ ഉടന്‍ തന്നെ പണികള്‍ ആരംഭിക്കാനാണ് തീരുമാനം. വാതിലുകളും ജനലുകളും തകര്‍ന്ന അവസ്ഥയിലാണ്. ഇത്രയും വര്‍ഷം വെറുതെ കിടന്നതിനാല്‍ വയറിങ്ങ് വീണ്ടും നടത്തണം. കുടിവെള്ള വിതരണത്തിനായി മുമ്പ് സ്ഥാപിച്ച ടാങ്ക് സാമൂഹിക വിരുദ്ധര്‍ കേടുവരുത്തിയതിനാല്‍ പുതിയത് സ്ഥാപിക്കണം. ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നല്കാന് തീരുമാനമായിട്ടുണ്ട്.
വ്യവസായ കേന്ദ്രം പ്രവര്‍ത്തന സജ്ജമായതിന് ശേഷം വനിതകള്‍ക്ക് വ്യവസായം തുടങ്ങാനായി തുറന്ന് നല്‍കും. ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഇതിന്റെ വികസനത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ പറഞ്ഞു
1991ലാണ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് സഹായത്തോടെ മരുതൂര്‍ എ എല്‍ പി .സ്കൂളിന് സമീപത്തായി 22 സെന്റ് സ്ഥലം വാങ്ങിയത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്താണ് 2001ല്‍ മരുതൂരില്‍ വനിതാ വ്യവസായ കേന്ദ്രം നിര്‍മ്മിച്ചത്. പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് വൈദ്യുതി കണക്ഷന് കിട്ടിയത്. ചെറിയ ഒരു മതിലും പണിതതിന് ശേഷം കുടിവെള്ളത്തിനായി ടാങ്കും സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം ഐപിടി സെന്റ്റും മോബൈല്‍ റിപ്പയറിങ്ങും തുടങ്ങാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
30 ഓളം വനിതകള്‍ക്ക് പരിശീലനം നല്‍കാനും തീരുമാനിച്ചതാണ്. വ്യവസായം തുടങ്ങാന്‍ വനിതകളെ കിട്ടാത്തതിനാല്‍ വ്യവസായം തുടങ്ങാനുള്ള ചുമതല പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പിന്നിട് ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കൈമാറി. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.
വനിതകള്‍ക്ക് ഒറ്റക്കോ, കൂട്ടമായോ വ്യവസായം തുടങ്ങാന്‍ എല്ലാ സൗകര്യമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതമൂലമാണ് കെട്ടിടം പൂട്ടികിടന്നത്. ഇതിനുശേഷം ഉടമസ്ഥതയെ ചൊല്ലി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപ്പഞ്ചായത്തും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതാണ് കേന്ദ്രം തുറക്കാന്‍ തടസ്സമായത്. ഇപ്പോള്‍ വ്യവസായ കേന്ദ്ര പഞ്ചായത്തിന്റെ കീഴിലായതോടെയാണ് തുറക്കാന്‍ നടപടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: