മുഹമ്മ: ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിലേയ്‌ക്ക് മുഹമ്മയില്‍ നിന്നും അഞ്ച് വിദ്യാര്‍ത്ഥിനികള്‍. മുഹമ്മ എബി വിലാസം എച്ച്എസ്എസിലെ നവ്യാപ്രസാദ്, എ. അജീഷ,എസ് ഭാഗ്യലക്ഷ്മി, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനികളായ സി. അശ്വതി, എസ്.പി. ശ്രീക്കുട്ടി എന്നിവരാണ് ഇന്ത്യയില്‍ നടക്കുന്ന അണ്‍ എക്യൂപ്ഡ് വിഭാഗത്തില്‍ മാറ്റുരയ്‌ക്കുന്നത്. ഇവര്‍ എബിവി എച്ച്എസ്എസിലെ ജിംനേഷ്യത്തിലാണ് പരിശീലനം നേടുന്നത്.
കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലേയ്‌ക്ക് സെലക്ഷന്‍ ലഭിച്ച 16 പേരില്‍ അഞ്ചുപേരും മുഹമ്മ സ്വദേശികളാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അശ്വതിയും ശ്രീക്കുട്ടിയും ചൈനയില്‍ നടന്ന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ നേടിയിരുന്നു. അഞ്ച് കായിക താരങ്ങളും നാലു വര്‍ഷത്തിനുള്ളില്‍ സബ്ജൂനിയര്‍, ജൂനിയര്‍തല മത്സരങ്ങളില്‍ കേരളത്തിനുവേണ്ടി നൂറോളം മെഡലുകള്‍ നേടിയിട്ടുണ്ട്. കായിക അദ്ധ്യാപകന്‍ വി. സവിനയനാണ് ഇവരെ പരിശീലിപ്പിക്കുന്നത്.
നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ടവരാണ് അഞ്ച് താരങ്ങളും. പോഷക ആഹാരത്തിനും മത്സരച്ചെലവുകള്‍ക്കുമായി ഒരു കായിക താരത്തിന് ഒരു വര്‍ഷം 1,20,000 രൂപ ചെലവാകുന്നുണ്ട്. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, എബിവി എച്ച്എസ്എസ് മാനേജ്‌മെന്റ്, അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പിടിഎ, സ്‌പോര്‍ട്‌സ് അക്കാദമി, റൗണ്ട് ടേബിള്‍ ഇന്ത്യ ഇവരുടെയെല്ലാം കൂട്ടായ്‌മയില്‍ മൂന്നരലക്ഷം രൂപയും ലഭിച്ചു. ഈ കുട്ടായ്‌മ കരുത്താക്കിയാണ് കായിക താരങ്ങള്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയത്.
















