പാലക്കാട്: സ്കൂള്‍-കോളെജ് വിദ്യാര്‍ഥികളില്‍ സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ലൈംഗിക സമത്വം നടപ്പാക്കുന്നതിനുമായി വനിതാ കമ്മീഷന് ആവിഷ്ക്കരിക്കുന്ന ‘കലാലയ ജ്യോതി’ പദ്ധതിക്ക് നവംബറില്‍ തുടക്കമാവും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.
സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്തുള്ള സ്ത്രീപീഡനം വര്‍ധിച്ചുവരുകയാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വീട്ടമ്മമാരുടെ അറിവില്ലായ്മ മുതലെടുത്തുള്ള പീഡനങ്ങളാണ് അധികവും. നിരവധി പരാതികളാണ് ദിനംപ്രതി വനിതാ കമ്മീഷന് ലഭിക്കുന്നത്.
ഇതിനെതിരെ സംസ്ഥാനതലത്തില്‍ പ്രചാരണ പരിപാടികള്‍ ആവിഷ്ക്കരിക്കുയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം ചോദ്യംചെയ്യുന്ന സമൂഹമാണ് കേരളത്തിലേത്. ദാമ്പത്യ ജീവിതത്തെ വിലകുറച്ചുകാണുന്നതാണ് കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം.
കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനവും ജോലിസ്ഥലത്തെ പീഡനങ്ങളുമാണ്. ജില്ലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് യാത്രാ പ്രശ്നങ്ങളുണ്ടെങ്കില്‍ കമ്മീഷന് പരാതി നല്കിയാല് ശക്തമായി ഇടപെടും.
സ്വകാര്യ ആശുപത്രികള്‍ സിസേറിയന് പ്രോത്സാഹിപ്പിക്കുന്നുണ്ട്.കേരളത്തിലെ ഗര്‍ഭിണികളില്‍ സുഖപ്രസവ നിരക്ക് കുറഞ്ഞുവരുന്നത് വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗര്‍ഭസ്ഥ ശുശ്രൂഷയ്ക്ക് മാത്രമായുള്ള സ്വകര്യ ആശുപത്രികള്‍ ഗര്‍ഭിണികളെ ചൂഷണം ചെയ്യുന്നതിനായി ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തില്‍ ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടേയും മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
അദാലത്തില്‍ 75 പരാതികളില്‍ 26 പരാതികള്‍ തീര്‍പ്പാക്കി. 12 പരാതികളില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ: ഷിജി ശിവജി, എം.എസ്. താര, കമ്മീഷന് ഡയറക്റ്റര്‍ കെ.യു.കുര്യാക്കോസ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: