വൈത്തിരി: റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മതിയായ രേഖകളില്ലാതെ വിദേശികളെ താമസിപ്പിച്ചതിന് വൈത്തിരി പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ടു റിസോര്‍ട്ട് മാനേജര്‍മാര്‍ അറസ്റ്റില്‍. ലക്കിടിയിലെ താസ ഹോട്ടല്‍ മാനേജര്‍ പാലക്കാട് ആലക്കോട് സ്വദേശി ഇരുമ്പുകുഴിയില്‍ റെജി എബ്രഹാമിനെയും വൈത്തിരി റിസോര്‍ട്ട് മാനേജര്‍ ചെന്നൈ നെര്ക്കുളം ലക്ഷ്മി നിവാസ് ഗോപാലകൃഷ്ണനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താസ ഹോട്ടലില്‍ മൂന്നു ഫ്രഞ്ചുകാരെയും ഒരു ഇറ്റലിക്കാരനെയും വൈത്തിരി റിസോര്‍ട്ടില്‍ രണ്ടു ഒമാനികളെയും ഒരു സ്വിറ്റ്സര്ലാന്ഡുകാരനെയുമാണ് മതിയായ രേഖകളില്ലാതെ താമസിപ്പിച്ചത്. ഇരുവരെയും രണ്ടാഴ്ചക്ക് കല്പറ്റ സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തു.
വിദേശികള്‍ വീടുകളിലോ ലോഡ്ജുകളിലോ താമസിക്കുന്നുണ്ടെങ്കില്‍ 24 മണിക്കൂറിനകം നിശ്ചിത ഫോമില്‍ ഫോറിനേഴ്സ് രജിസ്ട്രേഷന് ഓഫിസറായ ജില്ല പൊലീസ് മേധാവിയെ അറിയിക്കണമെന്ന നിയമമുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നു. വിദേശികള്‍ വന്നു താമസിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരിലെത്താതെ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇതിനിടെ ജില്ലയിലെ പ്രമുഖ റിസോര്‍ട്ടുകളിലൊന്നായ ജംഗിള്‍ പാര്‍ക്ക് റിസോര്‍ട്ടിന് വൈത്തിരി പൊലീസ് സ്റ്റോപ് മെമോ നല്കി. മതിയായ രേഖകളില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. പരിശോധനക്ക് വൈത്തിരി എസ്.ഐ കെ.പി. രാധാകൃഷ്ണന്, പ്രൊബേഷനറി എസ്.ഐ റഫീഖ്, എ.എസ്.ഐ പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: