ന്യൂദല്‍ഹി: ദേശീയ പാതകള്‍ 6.9 ലക്ഷം കോടി രൂപ മുടക്കി വികസിപ്പിക്കാനുള്ള വന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2022 ഓടെ 83,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനുള്ളതാണ് പദ്ധതി.
ദേശീയ പാതാ വികസനത്തിന് ഇത്രയും തുക വകയിരുത്തുന്നത് ആദ്യമാണ്. സാഗര്‍മാല പദ്ധതി പ്രകാരം തുറമുഖങ്ങളെ ബന്ധിപ്പിച്ച് 28,400 കിലോമീറ്റര്‍ റോഡു നിര്‍മ്മിക്കാനുള്ള പരിപാടിയും മുംബൈ -കൊച്ചി സാമ്പത്തിക ഇടനാഴിയും ഇതിലുള്‍പ്പെടും. ഇതുവഴി അഞ്ചു വര്‍ഷം കൊണ്ട് 32 കോടി തൊഴില്‍ ദിനങ്ങളും ലഭിക്കും. അടിസ്ഥാന മേഖലയ്ക്ക് വന്‍കുതിപ്പു പകരുന്നതാണ് കേന്ദ്ര തീരുമാനം.
നാലുവരിപ്പാതയുണ്ടാക്കി ഗതാഗതത്തിന് വേഗതപകരാനുള്ളതാണ് പുതിയ പദ്ധതി. ഇന്ത്യയിലെ ഇടുങ്ങിയ, ശോച്യാവസ്ഥയിലുള്ള, ഗതാഗതക്കുരുക്കുകളുള്ള റോഡുകള്‍ ചരക്കു നീക്കത്തിനും യാത്രയ്ക്കും ദുഷ്ക്കരമാണ്. വിദേശരാജ്യങ്ങളില്‍ ട്രക്കുകള്‍ ഒരു ദിവസം ശരാശരി 700 മുതല്‍ 800 കിലോമീറ്റര്‍ വരെ ഓടുമ്പോള്‍ ഇന്ത്യയില്‍ ഇത് ശരാശരി 250 മുതല്‍ 300 കിലോമീറ്റര്‍ വരെയാണ്.
പ്രതിവര്‍ഷം 10,000 കിലോമീറ്റര്‍ റോഡ് പണിതാല്‍ തന്നെ നാലു കോടി തൊഴില്‍ ദിനങ്ങള്‍ ലഭിക്കും. പുതിയ പദ്ധതി വന്‍തോതില്‍ തൊഴിലവസരം നല്‍കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. ഇതിനുള്ള പണത്തിന്റെ 70 ശതമാനവും കേന്ദ്രം വഹിക്കും. മൂന്നിലൊന്ന് തുക ഇന്ധന സെസിലൂടെ ലഭിക്കും. നാലിലൊന്ന് വിപണിയില്‍ നിന്ന് കമെടുക്കും. ബാക്കി ബജറ്റ് വിഹിതം വഴിയും സ്വകാര്യ നിക്ഷേപം വഴിയും ലഭിക്കും. പതിനായിരം കിലോമീറ്റര്‍ റോഡിനുള്ള പദ്ധതി ദേശീയ പാതാ അതോറിറ്റി തയ്യാറാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: