മൂവാറ്റുപുഴ: കോട്ടപ്പടി ഫൈസ്റ്റാര്‍ പ്ലൈവുഡ് കമ്പനിക്ക് വേണ്ടി ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ ആര്‍ഡിഒ, പെരിയാര്‍വാലി ഇറിഗേഷന്‍ സബ്ഡിവിഷനല്‍ എഞ്ചിനീയര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ഡോ. ബി. കലാംപാഷ ഉത്തരവിട്ടത്. കമ്പനി മൂലം പൊതുശല്യം, മലിനീകരണം, പുറമ്പോക്ക് ഭൂമി കയ്യേറ്റം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കോതമംഗലം തൃക്കാരിയൂര്‍ തിരുമലയില്‍ പൗലോസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കമ്പനിയുടെ മുന്‍ ഉടമ ജോര്‍ജ് മാത്യു, ഇപ്പോഴത്തെ ഉടമകളായ ഹമീദ്, ഭാര്യ മിസിരി എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കും. നിയമപ്രകാരം അനുവദിച്ച സ്ഥലത്തല്ല കമ്പനി സ്ഥാപിച്ചിരിക്കുന്നതെന്നും പുറമ്പോക്ക് ഭൂമിയിലാണെന്നുമെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുക്കുവാന്‍ ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ജൂണ്‍ 20ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിജിലന്‍സ് പോലീസ് അന്വേഷണം നടത്തി ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി പ്രതികള്‍ അഴിമതി നിരോധന വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടുള്ളതായി വിലയിരുത്തി.
സ്ഥലം വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ആദ്യം ഉത്തരവിട്ട ആര്‍ഡിഒ പിന്നീട് സ്ഥലം കുളമാണെന്ന് കണ്ട് റദ്ദുചെയ്തു. കമ്പനി വക കെട്ടിടം പുറമ്പോക്ക് ഭൂമി കയ്യേറി പണിതിട്ടുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടപ്പടി ഗ്രാമപഞ്ചായത്തിന് പെരിയാര്‍വാലി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്കിയ റിപ്പോര്‍ട്ടിലെ തെറ്റ് കോടതി കണ്ടെത്തി. ഈ സ്ഥലം തഹസില്‍ദാര്‍ നേരത്തെ പുറമ്പോക്കാണെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതാണ്. കേസില്‍ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍, ഡിഎംഒ , താലൂക്ക് സര്‍വേയര്‍ എന്നിവരെ എതിര്കക്ഷികളാക്കിയെങ്കിലും തെളിവില്ലാത്തതിനാല്‍ അന്വേഷണം നടത്തേണ്ടെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: