ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണപഠനത്തിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെഎസ്സിഎസ്റ്റിഇ) റിസര്‍ച്ച് ഫെലോഷിപ്പ് നല്കുന്നു. അക്കാഡമിക് മികവോടെ എംഎസ്സി/എംടെക് ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. www.kscste.kerala.gov.in- എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഓണ്‍ലൈനായി 2017 ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
റിസര്‍ച്ച് ഫെലോഷിപ്പുകള്‍ ലഭ്യമായ വിഷയങ്ങള്‍ ഇവയാണ്- മാത്തമാറ്റിക്കല്‍ സയന്‍സസ്, ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫിയറിക് ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, എന്‍ജിനീയറിംഗ് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്.
ബന്ധപ്പെട്ട വിഷയത്തില്‍ 70 ശതമാനം മാര്‍ക്കില്‍ കുറയാതെ സംസ്ഥാനത്തെ ഏതെങ്കിലും വാഴ്സിറ്റിയില്നിന്നും എംഎസ്സി/എംടെക് യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. 2018 ജനുവരി ഒന്നിന് പ്രായം 35 വയസ് കവിയരുത്.
മികച്ച ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുകയാണ് ഈ റിസര്‍ച്ച് ഫെലോഷിപ്പിന്റെ ലക്ഷ്യം. അര്‍ഹരായവരെ കണ്ടെത്തുന്നതിന് ഓണ്‍ലൈന്‍ ടെസ്റ്റും തുടര്‍ന്ന് അഭിമുഖവും നടത്തും. ഓണ്‍ലൈന്‍ ടെസ്റ്റ് 2017 ഡിസംബര്‍ 10 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങൡ വച്ച് നടത്തുന്നതാണ്. ടെസ്റ്റില്‍ രണ്ട് പേപ്പറുകളുണ്ടാവും. പേപ്പര്‍ ഒന്ന് പൊതുവായിട്ടുള്ളതാണ്. പേപ്പര്‍ രണ്ടില്‍ നിര്‍ദ്ദിഷ്ട ഗവേഷണ വിഷയത്തെ അധിഷ്ഠിതമാക്കിയാവും ചോദ്യങ്ങള്‍. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെയാണ് ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കുക.
പരമാവധി മൂന്നു വര്‍ഷത്തേക്കാണ് റിസര്‍ച്ച് ഫെേലോഷിപ്പകള് സമ്മാനിക്കുന്നത്. ആദ്യത്തെ രണ്ടുവര്‍ഷം പ്രതിമാസം 20,000 രൂപ വീതവും മൂന്നാമത്തെ വര്‍ഷം പ്രതിമാസം 25,000 രൂപ വീതവും ഫെലോഷിപ്പായി ലഭിക്കും. ഇതിന് പുറമെ വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റായി 20,000 രൂപയും ഫെലോഷിപ്പ് തുകയുടെ 10 ശതമാനം വീട്ടുവാടക ബത്തയായും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ www.kscste.kerala.gov.in- എന്ന വെബ്സൈറ്റിലുണ്ട്. വിലാസം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം- 695004. ഫോണ്‍: 0471-2548314, 2548254.
പ്രതികരിക്കാൻ ഇവിടെ എഴുതുക: