ആലത്തൂര്‍: പരിശോധനാസൗകര്യങ്ങളും ജീവനക്കാരുമില്ലാതെ ജില്ലയിലെ ഭക്ഷ്യസുരക്ഷ,നിലവാര വിഭാഗം. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ 12 സര്‍ക്കിളുകളാണ് ജില്ലയില്‍ ഉള്ളത്.
പരിശീലനം പൂര്‍ത്തിയാക്കിയ ഭക്ഷ്യസുരക്ഷാഓഫീസര്മാര് 11 സര്‍ക്കിളുകളിലും എത്തിയത് അടുത്തിടെയാണ്. ഇതോടെ ഭക്ഷ്യവസ്തുക്കളുടെ നിലവാരം ഉറപ്പാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യത വരുമെന്ന് കരുതിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയായിരുന്നു.
തരൂര്‍,ആലത്തൂര്‍,ചിറ്റൂര്‍,തൃത്താല,ഷൊര്‍ണ്ണൂര്‍ സര്‍ക്കിളുകള്‍ വീണ്ടും ഇന്‍ചാര്‍ജ് ക്രമീകരണത്തിലായി.ആലത്തൂരിലെ ഓഫീസര്‍ പ്രസവാവധിയിലാണ്.മറ്റു സര്‍ക്കിളുകളില്‍ നിയമനം ലഭിച്ച ഓഫീസര്‍മാരാകട്ടെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു.
സ്വന്തം ജില്ലയില്‍ വിരമിച്ചവരുടെ ഒഴിവ് വന്നതോടെ പലരും സ്ഥലം മാറ്റം വാങ്ങി പോയി. തരൂര്‍ മലമ്പുഴയ്ക്കും,ആലത്തൂര്‍ പാലക്കാടിനും, ഷൊര്‍ണ്ണൂര്‍ ഒറ്റപ്പാലത്തിനും, ചിറ്റൂര്‍ നെന്മാറയ്ക്കും, തൃത്താല പട്ടാമ്പിക്കും കീഴില്‍ ഇന്‍ചാര്‍ജ് ഭരണത്തിലായി.
12 സര്‍ക്കിളുകളും ജില്ല ഓഫീസുമുള്ള ഭക്ഷ്യസുരക്ഷ വിഭാഗത്തിന് 15 വര്‍ഷം പഴക്കമുള്ള ഒരു ജീപ്പ് മാത്രമാണുള്ളത്. സ്ക്വാഡ് പരിശോധന,സാമ്പിള്‍ ശേഖരണം എന്നിവക്ക് പോകാനുള്ള ഏക ആശ്രയമാണിത്. ജില്ലയില്‍ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിള്‍ പരിശോധനക്കാവട്ടെ ലാബുപോലുമില്ല.
എറണാകുളം കാക്കനാട് ലാബിലെത്തിച്ച് വേണം പരിശോധന നടത്താന്‍.പാലക്കാട്,തൃശൂര്‍ ജില്ലകള്‍ക്കായി ഒരു ലാബ് സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ നടപടിയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: