കരുവാരക്കുണ്ട്: സംസ്ഥാനതലത്തില്‍ ഉറ്റ മിത്രങ്ങളെന്ന് അവകാശപ്പെടുന്നവരാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും. എന്നാല്‍ കരുവാരക്കുണ്ട് പഞ്ചായത്തില്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. യുഡിഎഫ് എന്ന മുന്നണി സംവിധാനത്തിന് ഇവിടെയൊരു പ്രസക്തിയില്ല. അതുകൊണ്ടാണ് ഇന്നലെ ലീഗിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നതും ഭരണത്തില്‍ നിന്ന് അവരെ വലിച്ച് താഴെയിട്ടതും. കരുവാരക്കുണ്ടിലെ ലീഗ്-കോണ്‍ഗ്രസ് പോരിന് കാലങ്ങളുടെ പഴക്കമുണ്ട്. ജില്ലാ നേതാക്കള്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെ ശ്രമിച്ചിട്ടും അതിന് ഇന്നും ഒരു കുറവില്ല.
ഇന്നലെ രാവിലെ പത്തിന് പ്രസിഡന്റിനെയും, ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയുമാണ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകിയത്. ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസായത്. നിലവില്‍ പ്രസിഡന്റായിരുന്ന ലീഗിലെ കെ.മുഹമ്മദിനും, വൈസ് പ്രസിഡന്റായിരുന്ന രോഷ്നി സുരേന്ദ്രനും ഇതോടെ പുറത്തേക്കുള്ള വഴി തുറന്നു.
പഞ്ചായത്തിലെ 21 അംഗങ്ങളില്‍ ലീഗിന് ഒന്‍പതും, കോണ്‍ഗ്രസിന് ഏഴും, എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അഞ്ച് അംഗങ്ങളുള്ള സിപിഎമ്മുകൂടി പിന്തുണച്ചതോടെയാണ് പഞ്ചായത്തില്‍ അവിശ്വാസം പാസായത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സമയം വൈകിയത് കാരണം സിപിഎമ്മിലെ സ്വാതന്ത്ര അംഗം മീത്തില്‍ ലത്തീഫിന് ചര്‍ച്ചയില്‍ പങ്കെടുക്കാനോ വോട്ടു രേഖപ്പെടുത്താനോ കഴിഞ്ഞില്ല. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്‍പതിനെതിരെ പന്ത്രണ്ട് വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.
കാളികാവ് ബ്ലോക്ക് ഓഫീസര്‍ കേശവദാസായിരുന്നു ചര്‍ച്ചയും, വോട്ടെടുപ്പും നിയന്ത്രിച്ചത്. എസ്ഐ പി.ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: