പാലക്കാട്: ഉറച്ചനിലപാടുകളും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനവും കാഴ്ച്ചവച്ചിരുന്ന മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിദ്യാനികേതന്‍ സ്കൂളുകളുടെ സ്ഥാപകനുമായ ഭാസ്കര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത് വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാവുന്ന പ്രചാരകനെയാണ്.
ജീവിതത്തിന്റെ മുക്കാല്‍ഭാഗവും അദ്ദേഹം ചെലവഴിച്ചത് പാലക്കാടാണ്. വിദ്യാനികേതന്റെ ആദ്യ സ്കൂളിന് വ്യാസവിദ്യാപീഠത്തിലൂടെ പാലക്കാട് തുടക്കം കുറിച്ചതിനു പിന്നില്‍ പാലക്കാടിനോടുള്ള അദ്ദേഹത്തിന്റെ അടുപ്പം കൊണ്ടുതന്നെയാവാം. ആയിരക്കണക്കിന് സംഘപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ഭാസ്കര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് അനുസ്മരണയോഗം സംഘടിപ്പിക്കുന്നു.
വൈകിട്ട് നാലിന് ടോപ് ഇന്‍ ടൗണ്‍ ശീതള്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്.ശശിധരന്, വിദ്യാഭാരതി മുന്‍ അഖിലഭാരതീയ അധ്യക്ഷന്‍ പണ്ഡിതരത്നം ഡോ.പി.കെ.മാധവന് എന്നിവര്‍ സംസാരിക്കും.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും,മുന്‍കാല പ്രചാരകന്മാരും, കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ മാനേജ്മെന്റ്,അധ്യാപകര്‍,അനധ്യാപകര്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: