അഗളി: അഗളിയില്‍ ഐടിഡിപി ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആദിവാസി് പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ശോച്യാവസ്ഥയില്‍.മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര കാലപ്പഴക്കത്തില്‍ തകര്‍ന്ന നിലയിലാണ്.
ഇതാകട്ടെ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്.രണ്ടുഹോസ്റ്റലുകളില് ഒന്ന് പ്രൈമറി ക്ലാസുകളിലെ കുട്ടിക്കള്ക്കായും ഒരെണ്ണംഹൈസ്കൂള് കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. ക്ഷീരോല്പ്പാദക സഹകരണ സംഘം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. 30 കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ളയിവിടെ നിലവില്‍ 90 കുട്ടികളാണ് താമസിക്കുന്നത്.
മുറികള്‍ കെട്ടിയടച്ചിട്ടിലാത്ത കെട്ടിടത്തില്‍ വിശാലമായ ഒറ്റ മുറിയിലാണ് 90 കുട്ടികളും കഴിയുന്നത്. ഇവിടെയുള്ളതാകട്ടെ നാലു ഫാനുകളും. ഭക്ഷണം കഴിക്കാനുള്ള മുറിയുമില്ല. ആവശ്യമായ കട്ടില്, മേശ, കസേര എന്നിവയുമില്ല. ഹോസ്റ്റലില്‍ നിന്നുള്ള മലിനജലം ഒഴുക്കിക്കളയാന്‍ ആവശ്യമായ സംവിധാനമില്ലാത്തതിനാല്‍ ദുര്‍ഗന്ധം സഹിച്ചാണ് കുട്ടികളിവിടെ കഴിയുന്നത്.
ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കായുള്ള ഹോസ്റ്റലിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. 60 വിദ്യാര്‍ഥിനികള്‍ക്ക് താമസ സൗകര്യമുള്ളിടത്ത് 200 കുട്ടികള്‍ താമസിക്കുന്നു.
വൈദ്യുതി പോയാല്‍ ആവശ്യമായ ജനറേറ്റര്‍ സൗകര്യമില്ല. കൂടാതെ കാലപ്പഴക്കത്താല്‍ വയറിങ്, പ്ലബ്ബിങ്ങ് ഉള്‍പ്പെടെയുള്ളവ നശിച്ച നിലയിലാണ്. എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ താമസിക്കുന്നതിനാല്‍ പലര്‍ക്കും ശരീരത്തില്‍ ചൊറിച്ചില്‍ പോലുള്ള രോഗങ്ങളുണ്ടാവുന്നുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
ഐടിഡിപി ഓഫീസിന് അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള ഈ ഹോസ്റ്റലുകളില്‍ പാര്‍ക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
വിദ്യാര്‍ഥിനികളുടെ എണ്ണത്തിനാവശ്യമായ ഹോസ്റ്റലുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് ഐടിഡിപി അട്ടപ്പാടി അസി.പ്രൊജക്ട് ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍ പറഞ്ഞു.
അഗളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ പൊളിച്ചു പണിയാന്‍ ഉത്തരവായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മ്മിതി ഇതിനാവശ്യമായ രൂപരേഖ തയ്യാറാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: