പളളുരുത്തി: കുമ്പളങ്ങിയില്‍ മൂന്നു പേര്‍ക്കും രണ്ട് വളര്‍ത്തുനായ്ക്കള്‍ക്കും തെരുവു നായയുടെ കടിയേറ്റു. പഴങ്ങാട് പള്ളിക്ക് സമീപമാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് നായ ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വള്ളാംപറമ്പില് ഷിജുവിന്റെ മകന് കുമ്പളങ്ങി ആല്വിന്(9) വാക്കാട്ട് അഭിലാഷിന്റെ മകന് അനന്തകൃഷ്ണ(8) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇരുവരും സെന്റ് അന്ന കോണ്‍വെന്റ് വിദ്യാര്‍ത്ഥികളാണ്. കൂടാതെ 72 കാരിക്കും തെരുവ് നായയുടെ കടിയേറ്റു. ആഴത്തില്‍ മുറിവേറ്റ അനന്തകൃഷ്ണനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായയ്ക്ക് പേവിഷബാധയുണ്ടെന്ന് വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. ശനിയാഴ്ച രാവിലെ വീണ്ടും എത്തിയ തെരുവ് നായ രണ്ട് വളര്‍ത്ത് നായ്ക്കളെയും കടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് തെരുവ് നായയെ പിടികൂടി തല്ലിക്കൊന്നു.
ആളെ കണ്ട് ഓടിയെത്തുന്ന നായ രണ്ടും മൂന്നും പ്രാവശ്യം ഓരോരുത്തരെയും കടിച്ചിട്ടുണ്ട്. തട്ടിമാറ്റിയാലും പിന്നീടും കടിക്കാന്‍ വന്നതായി പരിക്കേറ്റവര്‍ പറഞ്ഞു. നായയ്ക്ക് പേവിഷബാധയുണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: