കൊച്ചി: മെട്രോ ഓടി തുടങ്ങിയതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ഉള്‍പ്പെടെ ഭൂരിപക്ഷം നിരീക്ഷണ കാമറകളും പ്രവര്‍ത്തനരഹിതമായി. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി വിച്ഛേദിച്ച കണക്ഷനുകള്‍ പുനസ്ഥാപിക്കാത്തതാണ് പ്രധാന കാരണം. മെട്രോ നിര്‍മാണത്തോടനുബന്ധിച്ച് കേബിളുകള്‍ വിച്ഛേദിക്കപ്പെട്ടതിന് പുറമേ സാങ്കേതിക പ്രശ്നങ്ങളും കാമറകള്‍ പ്രവര്‍ത്തിക്കാത്തതിന് കാരണമായിട്ടുണ്ട്. കാമറകളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരമായ കൊച്ചിയില്‍ സുരക്ഷയുടെ കാര്യത്തില്‍ നിരീക്ഷണ കാമറകളാണ് നിര്‍ണായക പങ്കുവഹിച്ചിരുന്നത്. ഇതിനൊപ്പം കൊച്ചി പോലീസ് കണ്ട്രോള് റൂമില്‍ നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന കാമറകളും പൂര്‍ണമായും പ്രവര്‍ത്തിക്കുന്നില്ല.
നഗരത്തില്‍ 35 പ്രധാന ജംഗ്ഷനുകളിലായി 99 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സമീപകാലത്തുണ്ടായ പല സുപ്രധാന കേസുകളിലും നിര്‍ണായക തെളിവായി മാറിയത് നിരീക്ഷണ കാമറകളാണ്. നിലവിലുള്ള നിരീക്ഷണ കാമറകളില്‍ സ്വകാര്യ ഏജന്‍സികളും, സ്ഥാപനങ്ങളും സംഭാവനയായി നല്കിയവയും ഉള്‍പ്പെടും. ഇവയില്‍ പലതും പ്രവര്‍ത്തന രഹിതമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ നിര്‍ദേശം നല്‍കുന്നതിനായി സ്ഥാപിച്ച ലൗഡ് സ്പീക്കറുകളില്‍ ഒന്ന് പോലും പ്രവര്‍ത്തിക്കുന്നില്ല. പ്രധാനപ്പെട്ട ജംഗ്ഷനുകളിലായി 12 ലൗഡ് സ്പീക്കറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മെട്രോ നിര്‍മാണ പ്രവൃത്തിക്കിടെ കേബിളുകള്‍ വിച്ഛേദിക്കപ്പെട്ടതാണ് കാരണമെന്നാണ് ഇക്കാര്യത്തിലും അധികൃതര്‍ നല്കുന്ന വിശദീകരണം. 2009ലാണ് സ്പീക്കറുകള്‍ സ്ഥാപിച്ചത്. നഗരത്തില്‍ പുതിയ കാമറകള്‍ സ്ഥാപിക്കുന്നതിനായി 20 കോടിയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: