പത്തനംതിട്ട: തണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടത്തിന്റെ വിസ്മയ കാഴ്ച സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അടവിയില്‍ കുട്ടവഞ്ചി സവാരിക്ക് എത്തുന്നവരിലേറെയും മണ്ണീറ വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി കണ്ടാണ് മടങ്ങുന്നത്.
അവധി ദിവസങ്ങളില്‍ നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടെ വരുന്നത്. എന്നാല്‍ ഇത്രയേറെ ആളുകളെത്തുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് സഞ്ചാരികളെ നിരാശരാക്കുന്നുമുണ്ട്. ഇവിടെയെത്തുന്നവരിലേറെയും അരുവിയുടെ കുളിര്‍മയില്‍ കുളി കഴിഞ്ഞാണ് മടങ്ങുന്നത്. എന്നാല്‍, ശുചിമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യമോ ഇല്ലാത്തതിനാല്‍ സമീപത്തെ വീടുകളെയാണ് പലരും ആശ്രയിക്കുന്നത്.
കുടുംബമായെത്തുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. പ്രധാന വെള്ളച്ചാട്ടത്തിന് മുകളിലേക്ക് ആളുകള്‍ പോകുന്നത് അപകടസാധ്യതയുമുണ്ടാക്കുന്നു.
അരുവിയിലെ പ്രധാന വെള്ളച്ചാട്ടത്തിന് മുകളിലായി തട്ടുതട്ടുകളായി ചെറിയ വെള്ളച്ചാട്ടങ്ങളുള്ളതിനാല്‍ സഞ്ചാരികളില്‍ പലരും ഇവിടേക്ക് കയറിപ്പോകും. വെള്ളമൊഴുകുന്ന പാറയില്‍ വഴുക്കലുണ്ടെങ്കിലും യുവാക്കളും കുട്ടികളും ഇതു വകവയ്ക്കാതെ വെള്ളച്ചാട്ടത്തിന് മുകളിലെത്തുന്നത് അപകടത്തിനിടയാക്കും. ഇവിടേക്കുള്ള റോഡിന് വീതി കുറവായതിനാല്‍ വലിയ വാഹനങ്ങള്‍ ഏറെ അകലെ നിര്‍ത്തിയിട്ട ശേഷം സഞ്ചാരികള്‍ നടന്നാണ് എത്തുന്നത്.
വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമില്ല. മണ്ണീറ വെള്ളച്ചാട്ടം അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമല്ലാത്തതിനാല്‍ വനംവകുപ്പിന്റെ നിയന്ത്രണങ്ങളില്ല. ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് തണ്ണിത്തോട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും നിരവധി സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: