കൊച്ചി: പ്രൊഫ. തുറവൂര്‍ വിശ്വംഭരന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. തിരക്കുകള്‍ ഒഴിയാതെയുള്ള ഒരു ദിനത്തിനാണ് എറണാകുളം ടൗണ്‍ ഹാളും, അയ്യപ്പന്‍കാവിലെ മഞ്ജുഷ എന്ന വീടും സാക്ഷ്യം വഹിച്ചത്.
വിശ്വംഭരന് മാഷിന്റെ ശിഷ്യര്‍ തൊട്ട് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ വരെ കൂട്ടത്തില്‍പ്പെടും. രാവിലെ 10.30 മുതലാണ് മൃതദേഹം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, കവി എസ്. രമേശന് നായര്‍, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.പി. മുകുന്ദന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്, പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ. എസ്. രാധാകൃഷ്ണന്, ഹൈബി ഈഡന് എംഎല്‍എ, എം. എം. ലോറന്‍സ്, പി. രാജീവ്, സി. ആര്. ഓമനക്കുട്ടന്, ടോണി ചമ്മിണി, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, മാനേജിംഗ് എഡിറ്റര്‍ കെ. ആര്. ഉമാകാന്തന്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വൈകിട്ട് അഞ്ച് മണിയോടെ സ്വവസതിയായ മഞ്ജുഷയില്‍ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. കൊച്ചുമകന് അഭിരാമാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ബിജെപി നേതാക്കളായ അഡ്വ.പി.എസ്. ശ്രീധരന് പിള്ള, ശോഭാ സുരേന്ദ്രന്, എം ഗണേഷ്, നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇ എന്‍ നന്ദകുമാര്‍, അമൃതാനന്ദമയി മഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.30ന് പച്ചാളം ശ്മശാനത്തില്‍ സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: