കൊച്ചി: ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്ന മീസില്‍സ്, റുബെല്ല (എംആര്‍) വാക്സിനേഷന് ക്യാമ്പയിന് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന് കൊച്ചി പോലീസില്‍ പരാതി നല്കി. വാട്സാപ്പും ഫെയ്സ്ബുക്കും വഴി വാക്സിനേഷന് വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
വാക്സിനേഷന് കവറേജ് കുറഞ്ഞ സ്ഥലങ്ങളെപ്പറ്റി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് വാട്സാപ്പും ഫേസ്ബുക്കും വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന മെസ്സേജുകളാണിതിനു കാരണമെന്നാണ്. ഈ സ്ഥലങ്ങളില്‍ നടത്തിയ മീറ്റിങ്ങുകളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തവും ശാസ്ത്രീയവമായ മറുപടി നല്കാന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ക്യാമ്പയിന് അവസാനിക്കാന്‍ 13 പ്രവര്‍ത്തിദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വാക്സിനേഷന്റെ ആവശ്യകതയും സത്യാവസ്ഥയും മനസിലാക്കി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷന് നല്‍കണമെന്ന് കെജിഎംഒഎ ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: