നെല്ലിയാമ്പതി: പാടഗിരി പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പുറകെയാണ് ജനങ്ങള്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാക്കിയത്.
നെല്ലിയാമ്പതിയിലെ സാധാരണക്കാരായ തോട്ടംതൊഴിലാളികളുടെ മക്കള്‍ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സ്ഥാപനമാണ് ഈ സ്കൂള്‍. അഞ്ചാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം നൂറടിയില്‍ നിന്നും കൈകാട്ടി പഞ്ചായത്ത് സമുച്ചയത്തിലെ കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
വര്‍ഷങ്ങളായി സ്കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.കുടിവെള്ള പ്രശ്നം,വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറി സൗകര്യം എന്നിവയില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമുള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. സ്കൂളിന് ഈ വര്‍ഷം അധികൃതര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥികളും രാഷ്ട്രീയക്കാരും, പഞ്ചായത്ത് ഭരണ സമിതിയും സ്ഥലം എംഎല്‍എയും സ്കൂള്‍ മാനേജ്മെന്റിനോട് പലതവണ ആവശ്യപ്പെട്ടിട്ടും മാനേജരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂള്‍ സന്ദര്‍ശിച്ച് ശോചനീയാവസഥ മനസ്സിലാക്കിയ ശേഷം നൂറടിയില്‍ നിന്നും സ്കൂളിന്റെ പ്രവര്‍ത്തനം കൈകാട്ടി പഞ്ചായത്ത് സമുച്ചയത്തിലെ കെട്ടിടങ്ങളിലേക്ക് മാറ്റുവാന്‍ ഉത്തരവിറക്കുകയായിരുന്നു. ഇതിന് ശേഷം ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്കൂളിന്റെ നില അപകടാവസ്ഥയിലാണ് എന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് അയക്കുകയായിരുന്നു. ഇത് കണക്കിലെടുത്താണ് സ്കൂള്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും നടപ്പിലാക്കാതെ സ്കൂള്‍ മാനേജര്‍ ഹൈക്കോടതിയെ സമീപിച്ച് സ്കൂള്‍ രണ്ടാഴ്ച കൈകാട്ടിയിലേക്ക് മാറ്റാന്‍ പാടില്ല എന്ന് സ്റ്റേ വാങ്ങി. ഹൈക്കോടതി സ്റ്റേ ഉത്തരവ് നല്‍കുന്നതിന് മുന്നേ വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി സ്കൂളിന്റെ പ്രവര്‍ത്തനം കൈകാട്ടിയില്‍ തുടങ്ങി. ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിലെ ബില്‍ഡിംഗ് ഡിവിഷനിലെ എഞ്ചിനീയര്‍ സ്കൂള്‍ സന്ദര്‍ശിച്ച് കെട്ടിടങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കുവാനും ഉത്തരവിട്ടിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് ശുചിമുറിയോ, കുടിവെള്ള സൗകര്യമോ ഇല്ല. മിക്ക കെട്ടിടങ്ങളുടെ ചുമരും മേല്‍ക്കൂരയും ഏത് സമയത്തും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്ത് പഴയ കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: