നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാരുണ്യാ ഫാര്‍മസിയില്‍ കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടന്നിരുന്ന മരുന്ന് വിതരണം പുനരാരംഭിച്ചു. കഴിഞ്ഞ എച്ച്എംസി യോഗത്തില്‍ കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് എത്തിക്കാനും വിതരണം ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള സോഫ്റ്റ്വെയറില് അപ്ഡേഷന് നടത്താനുള്ള താമസമാണ് മരുന്ന് വിതരണം പുനരാരംഭിക്കാന്‍ വൈകിയതെന്ന് ജില്ലാ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സി ഹമീദ് പറഞ്ഞു.
8.9 ലക്ഷം രൂപയുടെ മരുന്ന് എത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന മരുന്ന് ഉള്‍പ്പെടെ 10.80 ലക്ഷം രൂപയുടെ മരുന്ന് സ്റ്റോക്കുണ്ട്. കാരുണ്യാ ഫാര്‍മസിയില്‍ മരുന്ന് വിതരണം പുനരാരംഭിച്ചതോടെ രോഗികളുടെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ ആശുപത്രിയില്‍. ജൂണ്‍ മാസത്തിലെ കുടിശിക അടക്കാത്തതിനെ തുടര്‍ന്നാണ് കോഴിക്കോട് ഡിപ്പോയില്‍ നിന്നുള്ള മരുന്ന് വിതരണം നിലച്ചിരുന്നത്. ഇത് കഴിഞ്ഞ മാസം തന്നെ അടച്ച് മരുന്ന് എത്തിച്ചിരുന്നെങ്കിലും ഒരു മാസത്തോളമായി മരുന്ന് വിതരണം ചെയ്യാനാവാത്ത പ്രതിസന്ധിയാണ് ഉണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കായകല്‍പ്പം പദ്ധതിയുടെ ഭാഗമായി ശുചിത്വസംരക്ഷണത്തിന് ആശുപത്രി പരിസരത്ത് ആരംഭിച്ച ഔഷധത്തോട്ടം ജില്ലയിലെ മികച്ച ഔഷധത്തോട്ടങ്ങളിലൊന്നായി തിരഞ്ഞെടുത്തതോടെ സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടിയതായും സൂപ്രണ്ട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറും ജില്ലാ ആശുപത്രിയില്‍ നവംബര്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കാരുണ്യയില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും മരുന്ന് ലഭ്യമാകുക. ജീവനക്കാര്‍ക്ക് അടക്കമുള്ള വേതനം നല്‍കുക കേന്ദ്രസര്‍ക്കാരായിരിക്കും. അതിനാല്‍ തന്നെ ജില്ലാ ആശുപത്രിക്ക് അധിക ബാധ്യത വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: