കരുവാരകുണ്ട്: മുസ്ലീം ലീഗ്-കോണ്‍ഗ്രസ് ബന്ധം തകര്‍ന്ന കരുവാരക്കുണ്ടില്‍ സിപിഎം സ്വതന്ത്രന് പ്രസിഡന്റാകുമെന്ന് സൂചന. സിപിഎമ്മിനെ കൂട്ടുപിടിച്ച് മുസ്ലീം ലീഗ് ഭരണസമിതിയെ മറിച്ചിടാനുള്ള നീക്കമാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്.
ലീഗിനെതിരെ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ബന്ധം പുനസ്ഥാപിക്കണമെന്ന സംസ്ഥാന നേതാക്കളുടെ അഭ്യര്‍ത്ഥന കരുവാരകുണ്ടില്‍ ലീഗ് അട്ടിമറിച്ചുയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ലീഗിനെതിരെ അവിശ്വാശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കോണ്‍ഗ്രസില്‍ പ്രസിഡന്റ് പദത്തിനായി ഒന്നിലധികം അംഗങ്ങള്‍ അവകാശവാദവുമായി മുന്നോട്ടു വരുകയും ഇതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അഭിപ്രായ ഭിന്നത രൂപപ്പെടുകയും ചെയ്തിരുന്നു. അവസാനം പ്രകോപിതരായ അണികളെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അവകാശവാദം ഉപേക്ഷിച്ച് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം നല്കാന് തീരുമാനിച്ചു.എന്നാല്‍ സിപിഎമ്മുമായി സഹകരിക്കുന്നതിനോട് കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് താല്പര്യമില്ല. ഇത്തരം നടപടി ഭാവിയില്‍ ദോഷം ചെയ്യുന്നത് കോണ്‍ഗ്രസിനായിരിക്കുമെന്നും ഇവര്‍ പറയുന്നു. കടുത്ത ലീഗ് വിരോധമാണ് ഇതുപോലുള്ള സാഹസത്തിലെക്ക് എടുത്തു ചാടാന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലരെ പ്രേരിപ്പിക്കുന്നത്.
സിപിഎം സ്വതന്ത്രന് മഠത്തില്‍ ലത്തീഫിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ലീഗും വെവ്വേറെയാണ് ജനവിധി തേടിയത്. മുസ്ലീം ലീഗ്-9, കോണ്‍ഗ്രസ്- 7, എല്‍ഡിഎഫ്- 5 എന്നിങ്ങനെയാണ് കക്ഷി നില.
എന്ത് വിട്ടുവീഴ്ചക്കും തയ്യാറായി മുന്നോട്ടുവന്ന ലീഗിനെ തകര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: